ഹാലിഫാക്സ്: കാനഡയുടെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികരിക്കുന്നതിന്റെ ഭാഗമായി അറ്റ്ലാന്റിക് പ്രവിശ്യകളില്‍ 300 കോടിയിലധികം ഡോളറിന്റെ (3 Billion USD) നിക്ഷേപം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഇതില്‍ 200 കോടി ഡോളറിലധികം നോവ സ്കോഷയിലെ വിവിധ പദ്ധതികള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. ഹാലിഫാക്സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍ണ്ണായകമായ ഈ പ്രഖ്യാപനം. അടുത്ത തലമുറയിലെ നാവിക-വ്യോമ സേനാ വ്യൂഹങ്ങളെ സജ്ജമാക്കുന്നതിനും പരിശീലന ശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രഖ്യാപിച്ച തുകയില്‍ 120 കോടി ഡോളര്‍ സിഎഫ്ബി (CFB) ഹാലിഫാക്സ് ഡോക്യാര്‍ഡ്, സ്റ്റാഡകോണ എന്നിവിടങ്ങളിലെ വൈദ്യുതി, സേവന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും. കൂടാതെ, 14 വിങ് ഗ്രീന്‍വുഡില്‍ പുതിയ ഹാങ്കറുകള്ക്കും ഡ്രോണ്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 64.8 കോടി ഡോളര്‍ അനുവദിച്ചു. നോവ സ്കോഷ്യയില് നിര്‍മ്മിക്കാനിരിക്കുന്ന ‘റിവര്‍ ക്ലാസ്’ ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകള്ക്കായുള്ള പുതിയ നാവിക പരിശീലന പരിപാടിക്കായി 18 കോടി ഡോളറിലധികം ചിലവഴിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കലും ഭവന പദ്ധതികളും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നു. ഈസ്റ്റേണ്‍ പാസേജിലെ 192 ഹെക്ടര്‍ വരുന്ന ഇന്‍ഡസ്ട്രിയല്‍ സൈറ്റ് (ഹാലിഫാക്സ് ഗേറ്റ്) 8.25 കോടി ഡോളറിന് സര്‍ക്കാര്‍ വാങ്ങും. സൈനിക ഉദ്യോഗസ്ഥര്‍ക്കും കപ്പലുകള്‍ക്കും ആവശ്യമായ ചരക്കുനീക്കത്തിന് ഈ സ്ഥലം ഉപയോഗിക്കും. കൂടാതെ, സൈനികര്‍ക്കായി 14 വിങ് ഷിയര്വാട്ടറിന് സമീപം 6 കോടി ഡോളര്‍ ചിലവില്‍ 140 അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്. ന്യൂ ബ്രണ്‍സ്വിക്കിലെ സിഎഫ്ബി ഗേജ്ടൗണില് 120 കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കും.
നാറ്റോ നിശ്ചയിച്ചിട്ടുള്ള പ്രതിരോധ ചിലവ് ലക്ഷ്യമായ ജിഡിപിയുടെ 2 ശതമാനം കാനഡ കൈവരിച്ചതായി റിപ്പോര്‍ട്ട് വന്ന അതേ ദിവസമാണ് ഈ പ്രഖ്യാപനമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. 2035-ഓടെ പ്രതിരോധ ചിലവ് 5 ശതമാനമായി ഉയര്‍ത്താനാണ് നാറ്റോ അംഗരാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ പുതിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് കാനഡയുടെ ഈ വന്‍ നിക്ഷേപമെന്ന് മാര്‍ക്ക് കാര്‍ണി ചൂണ്ടിക്കാട്ടി.
