Friday, March 27, 2026

രേഖകൾ കയ്യിലുണ്ടെങ്കിലും യു.എസ്‌ തടങ്കൽ കേന്ദ്രത്തിൽ; വേദനയായി ബ്രിട്ടീഷ്‌ കൊളംബിയ സ്വദേശിനിയും മകളും

ഹൂസ്റ്റൺ: നിയമപരമായ രേഖകൾ കൈവശമുണ്ടായിട്ടും യു.എസിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ കഴിയേണ്ടി വന്ന കനേഡിയൻ യുവതിയുടെയും മകളുടെയും ദുരവസ്ഥ ഞെട്ടിക്കുന്നു. ബ്രിട്ടീഷ്‌ കൊളംബിയ സ്വദേശിനി ടാനിയ വാർണറും ഓട്ടിസം ബാധിതയായ ഏഴുവയസ്സുകാരി മകൾ ഐലയുമാണ് കഴിഞ്ഞ 13 ദിവസമായി ടെക്സസിലെ ഡില്ലി ഇമിഗ്രേഷൻ പ്രോസസിംഗ് സെന്ററിൽ കഴിയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ടെക്സസിൽ താമസിക്കുന്ന ടാനിയ ഒരു യു.എസ്‌ പൗരനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഗ്രീൻ കാർഡിനായുള്ള അപേക്ഷാ നടപടികൾക്കിടെ, മാർച്ച് 14-ന് ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇവരെ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. വിസ കാലാവധി കഴിഞ്ഞു എന്നാരോപിച്ചായിരുന്നു നടപടി.

തടങ്കൽ കേന്ദ്രത്തിലെ കഠിനമായ സാഹചര്യങ്ങൾ കുട്ടിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്ന്‌ ടാനിയ പറയുന്നു. തടങ്കലിൽ നൽകുന്ന യൂണിഫോമുകൾ കഴുകാൻ ഉപയോഗിക്കുന്ന വീര്യമേറിയ രാസവസ്തുക്കൾ കാരണം ഐലയുടെ ശരീരമാകെ ചുവന്ന തടിപ്പുകളും അലർജിയും ബാധിച്ചിരിക്കുകയാണ്‌. “ഒരു കുട്ടിയോടൊപ്പം തടവിലാക്കപ്പെടുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവമാണ്. നിയമപരമായ രേഖകൾ ഉണ്ടായിട്ടും ഞങ്ങൾ എന്തിനാണ് ഇവിടെ കഴിയുന്നതെന്ന് മനസ്സിലാകുന്നില്ല,” ടാനിയ ഫോണിലൂടെ മാധ്യമങ്ങളോട് പറഞ്ഞു.

2026 വരെ കാലാവധിയുള്ള പ്രൈമ ഫേഷ്യ രേഖകൾ ഇവരുടെ കൈവശമുണ്ടെന്ന് അഭിഭാഷകർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ടാനിയയുടെ ഭർത്താവ് എഡ്വേർഡ് വാർണറുടെ പേരിൽ 1999-ൽ കൗമാരപ്രായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേസ് നിലവിലുള്ളത്‌ ഇമിഗ്രേഷൻ നടപടികൾ സങ്കീർണ്ണമാക്കുകയാണ്‌. വിഷയം കാനഡയിലും യുഎസിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്‌. കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. പ്രാദേശിക എം.പിമാരും എം.എൽ.എമാരും ഇവരുടെ മോചനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. വരുന്ന ചൊവ്വാഴ്ച കേസിൽ നിർണ്ണായകമായ ബോണ്ട് ഹിയറിംഗ് നടക്കും. 10,000 മുതൽ 15,000 ഡോളർ വരെ ബോണ്ട് തുകയായി കോടതി വിധിച്ചേക്കാം എന്നാണ് സൂചന. നിയമപോരാട്ടത്തിനായി വലിയൊരു തുക കണ്ടെത്തേണ്ടി വരുന്നതിനാൽ കുടുംബം ഇപ്പോൾ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!