ലണ്ടൻ: എപ്സ്റ്റീൻ ലൈംഗിക അതിക്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ഗിലെയ്ൻ മാക്‌സ്‌വെല്ലിന് ഒളിവിൽ കഴിയാൻ സ്വിസ് ബാങ്കിങ് ഭീമനായ യുബിഎസ് (UBS) വഴിവിട്ട് സഹായിച്ചതായി റിപ്പോർട്ട്. 2020-ൽ അറസ്റ്റിലാകുന്നതിന് മുമ്പ് ന്യൂ ഹാംഷെയറിലെ 156 ഏക്കറിലുള്ള ‘ടക്ക്ഡ് എവേ’ എന്ന ആഡംബര വസതി വാങ്ങാനാണ് ബാങ്ക് പണം കൈമാറിയത്. കുട്ടികളെ കടത്തിയെന്ന കുറ്റത്തിന് മാക്‌സ്‌വെല്ലിനെതിരെ ക്രിമിനൽ അന്വേഷണം നടക്കുന്ന വിവരം ബാങ്കിന് അറിയാമായിരുന്നിട്ടും 2019 നവംബറിൽ ഏകദേശം 80 ലക്ഷം ഡോളർ കൈമാറാൻ യുബിഎസ് സഹായിച്ചു.
വിവിധ ട്രസ്റ്റുകളിലൂടെയും ബാങ്കുകളിലൂടെയും പണം കൈമാറിയാണ് 1.1 മില്യൺ ഡോളർ വിലമതിക്കുന്ന ഈ വീട് വാങ്ങിയത്. മാക്‌സ്‌വെല്ലിന്റെ സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്താൻ യുഎസ് അന്വേഷണ ഏജൻസികൾ ബാങ്കിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിന് ശേഷവും ഈ പണമിടപാട് നടന്നു എന്നത് ഗൗരവകരമാണ്. ജാനറ്റ് മാർഷൽ എന്ന വ്യാജപ്പേരിൽ ഒരു മാധ്യമപ്രവർത്തകയാണെന്ന് പറഞ്ഞാണ് മാക്‌സ്‌വെൽ ഈ വീട് സ്വന്തമാക്കിയത്. അറസ്റ്റ് സമയത്ത് പൊലീസിന് കണ്ടെത്താനാവാത്ത വിധം അലുമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞ മൊബൈൽ ഫോണും കൂടെ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.

അതിസമ്പന്നരായ ഇടപാടുകാരുടെ കുറ്റകൃത്യങ്ങൾ ബാങ്കുകൾ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ജെഫ്രി എപ്‌സ്റ്റീന്റെ പ്രധാന കൂട്ടാളിയായിരുന്ന മാക്‌സ്‌വെല്ലിന്റെ പണം കൈമാറുന്നതിൽ യുബിഎസ് കാണിച്ച അനാസ്ഥ ബാങ്കിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അന്വേഷണം തടസ്സപ്പെടുത്തുന്ന തരത്തിൽ രഹസ്യമായി പണം മാറ്റാൻ സഹായിച്ച ബാങ്കിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ ക്ലയന്റുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് യുബിഎസ് ഇതിനോട് പ്രതികരിച്ചത്.
