ഹാലിഫാക്‌സ്: ഒരാഴ്ചത്തെ ടെക്‌സസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ നോവ സ്‌കോഷ്യ പ്രീമിയര്‍ ടിം ഹൂസ്റ്റണ് നേരെ പ്രവിശ്യയില്‍ കടുത്ത രാഷ്ട്രീയ പ്രതിഷേധം. ബജറ്റിലെ 300 മില്യണ്‍ ഡോളറിന്റെ വെട്ടിക്കുറയ്ക്കലുകള്‍ക്കെതിരെ നൂറുകണക്കിന് ആളുകള്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചതോടെ ഹാലിഫാക്‌സ് പോലീസ് ഗ്രാന്‍വില്‍ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചു.
ടെക്‌സസിലെ ‘സെറാവീക്ക്’ ഊര്‍ജ്ജ സമ്മേളനത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തിയ ഹൂസ്റ്റണ്‍, പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയായതിനാല്‍ ഹൂസ്റ്റണ്‍ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പങ്കെടുക്കാത്തതിനെ പ്രതിപക്ഷം എതിര്‍ത്തതുമില്ല. എന്നാല്‍, പ്രവിശ്യയിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലുള്ള പ്രീമിയറുടെ വിദേശയാത്രയെ എന്‍ഡിപി നേതാവ് ക്ലോഡിയ ചെന്‍ഡര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹൂസ്റ്റണ്‍ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് അവര്‍ ആരോപിച്ചു.

അതേസമയം, പ്രവിശ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രകൃതി വിഭവങ്ങളുടെ വികസനത്തിനുമാണ് താന്‍ വിദേശയാത്ര നടത്തിയതെന്ന് ഹൂസ്റ്റണ്‍ ന്യായീകരിച്ചു. നിയമസഭയ്ക്കുള്ളിലെ ഗാലറിയില്‍ പ്രതിഷേധക്കാര്‍ കടന്നുകയറി തടസ്സമുണ്ടാക്കിയതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് സഭയ്ക്കുള്ളില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ എംഎല്‍എമാരെ ‘ഫാസിസ്റ്റുകള്‍’ എന്ന് വിളിച്ചതായും സഭയുടെ അന്തരീക്ഷം തകര്‍ത്തതായും ഹൂസ്റ്റണ്‍ ആരോപിച്ചു. ബജറ്റുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ‘ബില്‍ 148’ പാസാക്കാനിരിക്കെയാണ് പ്രവിശ്യയില്‍ പ്രതിഷേധം കനക്കുന്നത്.
