കാസര്‍കോട്: കേരളത്തില്‍ യുഡിഎഫിന് അനുകൂല തരംഗമാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇടത് സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
2021 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസ് മുക്ത കേരളമാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും തമ്മില്‍ വോട്ട് കച്ചവടം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങള്‍ക്കായി സോഫ്റ്റ്വെയര് തയ്യാറാക്കുന്ന പദ്ധതിയില്‍ നിന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മന്ത്രി വി.എന്‍. വാസവന് പറയുന്നത് പച്ചക്കള്ളമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഏക ബിഡ്ഡറായാലും ചുമതല നല്‍കാമെന്ന കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ടാറ്റയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് നഗരസഭ കൗണ്‍സിലര്‍ക്കെതിരെയുള്ള ലൈംഗികാരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം മറുപടി നല്കി.
