കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഒഡേസ, ക്രിവി റിഹ്, പോൾട്ടാവ മേഖലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഒഡേസയിലെ മറ്റേർണിറ്റി ഹോസ്പിറ്റലിന് നേരെയും ജനവാസ മേഖലകൾക്ക് നേരെയും നടന്ന ആക്രമണത്തെ തികഞ്ഞ ഭീകരതയെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി വിശേഷിപ്പിച്ചത്. റഷ്യ വിക്ഷേപിച്ച 273 ഡ്രോണുകളിൽ 252 എണ്ണവും തകർത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
അതേസമയം, ഡ്രോൺ പ്രതിരോധ സാങ്കേതികവിദ്യ ചർച്ച ചെയ്യുന്നതിനായി സെലെൻസ്കി യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE) അപ്രതീക്ഷിത സന്ദർശനം നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇറാനിൽ നിന്നുള്ള ഡ്രോൺ ഭീഷണികളെ നേരിടാൻ ഗൾഫ് രാജ്യങ്ങളെ സഹായിക്കാൻ യുക്രെയ്ൻ സന്നദ്ധത അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങൾ ആഗോള എണ്ണ വിപണിയെ ബാധിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

ഡ്രോൺ പ്രതിരോധത്തിൽ യുക്രെയ്ൻ കൈവരിച്ച വൈദഗ്ധ്യം യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് കൈമാറാനാണ് കീവ് ലക്ഷ്യമിടുന്നത്. ഇതിന് പകരമായി, റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഈ രാജ്യങ്ങളിൽ നിന്ന് സ്വന്തമാക്കാനാണ് യുക്രെയ്ൻ നീക്കം. യുദ്ധം നാല് വർഷം പിന്നിടുമ്പോൾ പ്രതിരോധ മേഖലയിൽ പുതിയ സഖ്യങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് യുക്രെയ്ൻ.
