സക്സാകിയ (ലെബനൻ): ലെബനനിൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 11 വയസ്സുകാരൻ ജവാദ് യൂനസിനും അമ്മാവൻ രാഗെബ് യൂനസിനും (41) തെക്കൻ ലെബനൻ ഗ്രാമമായ സക്സാകിയ കണ്ണീരോടെ വിട നൽകി. വെള്ളിയാഴ്ച കുടുംബവീടിന് നേരെ നടന്ന ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. തന്റെ ഒമ്പത് കസിൻസിനോടൊപ്പം വീടിന് പുറത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെയാണ് ജവാദിനെ മരണം തട്ടിയെടുത്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ആക്രമണമെന്ന് കുടുംബം പറയുന്നു. “ഇതൊരു സൈനിക താവളമായിരുന്നെങ്കിൽ ഇവിടെ കുട്ടികൾ ഉണ്ടാകുമായിരുന്നോ?” എന്ന് തകർന്ന വീടിന് മുന്നിൽ നിന്ന് ജവാദിന്റെ പിതാവ് ഹുസൈൻ യൂനസ് ചോദിക്കുന്നു. തങ്ങൾക്ക് ഹിസ്ബുള്ളയുമായി യാതൊരു സൈനിക ബന്ധവുമില്ലെന്ന് കുടുംബവും പ്രാദേശിക ഭരണകൂടവും വ്യക്തമാക്കി. മരണഭയമില്ലെന്നും ചെറുത്തുനിൽപ്പ് തുടരുമെന്നുമാണ് ഉറ്റവർ നഷ്ടപ്പെട്ട പല കുടുംബങ്ങളുടെയും പ്രതികരണം. “എന്റെ മകൻ പരിശുദ്ധനായിരുന്നു, ശത്രുവിനെതിരെ പോരാടാനായിരുന്നു അവന്റെ ആഗ്രഹം,” വിതുമ്പലോടെ ജവാദിന്റെ മാതാവ് മലക് മസ്ൽമാനി പറഞ്ഞു.ആക്രമണത്തിൽ അഞ്ച് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജവാദിന്റെ അടുത്ത ബന്ധു സൈനബ് നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. “ഞങ്ങൾ ഒന്നും കണ്ടില്ല, ഒന്നും കേട്ടില്ല… പെട്ടെന്ന് ഞാൻ അവശിഷ്ടങ്ങൾക്കിടയിലായി,” ആശുപത്രി കിടക്കയിൽ നിന്ന് അവർ പറഞ്ഞു.

ശനിയാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. അൽ-മനാർ ടിവി റിപ്പോർട്ടർ അലി ഷുഐബ്, അൽ-മയാദീൻ ചാനലിലെ ഫാത്തിമ ഫതൂനി, മുഹമ്മദ് ഫതൂനി എന്നിവരാണ് കൊല്ലപ്പെട്ടത്. അലി ഷുഐബ് ഹിസ്ബുള്ളയുടെ സായുധ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചെങ്കിലും ലബനീസ് പ്രസിഡന്റ് ജോസഫ് ഔൺ ഇതിനെ ശക്തമായി അപലപിച്ചു. സമാനമായി, സൗത്താർ പട്ടണത്തിൽ അഞ്ച് പാരാമെഡിക്കൽ ജീവനക്കാരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.മാർച്ച് 2 മുതൽ ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 1,100-ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. പത്ത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും വൻ ദുരന്തത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.
