വിനിപെഗ്: മാനിറ്റോബയിൽ 2007-ൽ മെറ്റിസ് വംശജയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 12 വർഷം തടവുശിക്ഷ വിധിച്ചു. വൻകൂവർ സ്വദേശിയായ കെവിൻ ക്യൂ (44) എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. ശാസ്ത്രീയമായ തെളിവുകളുടെയും ഡിഎൻഎ പരിശോധനയുടെയും സഹായത്തോടെ പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 24 വയസ്സുള്ള ക്രിസ്റ്റൽ സൗണ്ടേഴ്സിനെ 2007 ഏപ്രിലിലാണ് വിനിപെഗിൽ നിന്ന് കാണാതാകുന്നത്. പിന്നീട് നഗരത്തിന് വടക്കുപടിഞ്ഞാറുള്ള സെന്റ് ആംബ്രോയിസിന് സമീപം വിജനമായ സ്ഥലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ പ്രതിയെ കണ്ടെത്താൻ പര്യാപ്തമായിരുന്നില്ല. എന്നാൽ, കാലക്രമേണ സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി കേസന്വേഷണത്തിൽ വഴിത്തിരിവായി. മറ്റൊരു കേസിൽ പ്രതിയായ കെവിൻ ക്യൂവിന്റെ ഡിഎൻഎ ദേശീയ ഡാറ്റാബാങ്കിൽ എത്തിയതോടെയാണ് ക്രിസ്റ്റൽ സൗണ്ടേഴ്സിന്റെ കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ആർസിഎംപി (RCMP) നടത്തിയ ‘മിസ്റ്റർ ബിഗ്’ എന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. അൻപതിലധികം തവണ വേഷംമാറി എത്തിയ പോലീസ് ഉദ്യോഗസ്ഥരുമായി ഇടപഴകിയ കെവിൻ, താൻ മാനിറ്റോബയിൽ വെച്ച് ഒരു യുവതിയെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചു.

രണ്ടാം ഡിഗ്രി കൊലപാതകത്തിനാണ് ആദ്യം കേസ് എടുത്തതെങ്കിലും, പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങൾ കാരണം പ്രതി ‘മനപ്പൂർവ്വമല്ലാത്ത നരഹത്യ എന്ന കുറഞ്ഞ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പ്രതിഭാഗവും വാദിഭാഗവും ശുപാർശ ചെയ്ത 12 വർഷത്തെ തടവുശിക്ഷ ജസ്റ്റിസ് സാഡി ബോണ്ട് ശരിവെച്ചത്. ശിക്ഷാവിധിയിൽ ക്രിസ്റ്റലിന്റെ മാതാവ് സാന്ദ്ര സൗണ്ടേഴ്സ് അതൃപ്തി രേഖപ്പെടുത്തി. തന്റെ മകൾക്ക് നീതി ലഭിക്കാൻ വൈകിയെന്നും പ്രതിക്ക് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്നും അവർ കോടതിയിൽ പറഞ്ഞു. “ക്രിസ്റ്റൽ സ്വപ്നങ്ങളുള്ള, സ്നേഹമുള്ള ഒരു പെൺകുട്ടിയായിരുന്നു. അവൾ വരുത്തിയ വേദനയും നഷ്ടവും ഒരിക്കലും ക്ഷമിക്കാനാവില്ല,” എന്ന് മാതാവ് മാധ്യമങ്ങളാേട് പറഞ്ഞു.
