ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ വേഗത്തെ ബാധിച്ചു തുടങ്ങിയതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2026 മാർച്ചിലെ പ്രാഥമിക സാമ്പത്തിക കണക്കുകൾ രാജ്യത്തിന്റെ സാമ്പത്തിക കുതി പ്പിൽ മിതത്വം അഥവാ മന്ദഗതി പ്രകടമാക്കുന്നതായി മന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. മാർച്ചിലെ ആദ്യ മൂന്നാഴ്ച കളിൽ ഇ-വേ ബിൽ ജനറേഷനിലും 5.3% കുറവുണ്ടായി. ചരക്ക് നീക്കത്തിലുണ്ടായ ഈ കുറവ് ആഭ്യന്തര വ്യാപാരത്തിലെ മന്ദതയെയാണ് സൂചിപ്പിക്കുന്നത്. ഉത്പാദന മേഖലയിലെ വളർച്ച അളക്കുന്ന ഫ്ളാഷ് പി.എം.ഐ കണക്കുകൾ പ്രകാരം, ഊർജ്ജ വിലയിലുണ്ടായ വർദ്ധനവ് കാരണം വ്യവസായ ഉത്പാദനത്തിൽ കുറവുണ്ടായിട്ടുണ്ട്. എണ്ണ, എൽ.പി.ജി എന്നിവയുടെ വിലവർദ്ധനവും ലഭ്യതക്കുറവും കാരണം ഗ്ലാസ്സ്, സെറാമിക്സ് തുടങ്ങിയ മേഖലകളിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഭാഗികമായി അടച്ചുപൂട്ടുകയോ ഉത്പാദനം വെട്ടിക്കുറയ്ക്കുകയോ ചെയ്തു.

ഷിപ്പിംഗ് തടസ്സങ്ങൾ, കടത്തു കൂലിയിലുണ്ടായ വർദ്ധനവ്, ഇൻഷുറൻസ് പ്രീമിയം ഉയരുന്നത് എന്നിവ ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചു. ടെക്സ്റ്റൈൽസ്, എഞ്ചിനീയറിംഗ് ഗുഡ്സ്, ആഭരണ മേഖല എന്നിവയ്ക്കാണ് കൂടുതൽ തിരിച്ചടി നേരിടുന്നത്. വിപണിയിൽ ചില പ്രതിസന്ധികൾ ഉണ്ടെങ്കിലും വാഹന രജിസ്ട്രേഷനിലും (19.1% വർദ്ധനവ്) ഡിജിറ്റൽ ഇടപാടുകളിലും വളർച്ച തുടരുന്നത് ആഭ്യന്തര ഉപഭോഗം ശക്തമാണെന്നതിന്റെ സൂചനയാണ്. പശ്ചിമേഷ്യയിലെ സാഹചര്യം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെയും വ്യോമയാന മേഖലയെയും സാരമായി ബാധിക്കുന്നുണ്ട്. രാജ്യം ശക്തമായ സാമ്പത്തിക അടിത്തറയുള്ളതാണെങ്കിലും, നിലവിലെ ആഗോള സാഹചര്യങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ടെന്നും കാലോചിതമായ നയരൂപീകരണം ആവശ്യമാണെന്നും ധനമന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
