ന്യൂഡൽഹി: കേരളത്തിന്റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും എക്സിൽ മലയാളത്തിൽ പങ്കുവച്ച സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. തൃശൂരിലെയും പാലക്കാട്ടെയും പരിപാടികളിൽ പങ്കെടുക്കും. പാലക്കാട് എത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 2ന് ശേഷം കോട്ടമൈതാനത്ത് എൻഡിഎ തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളും മുന്നണി നേതാക്കളും പങ്കെടുക്കും. അരലക്ഷം പേർ സമ്മേളനത്തിനെത്തും. പകൽ 12 മണി മുതൽ സമ്മേളന നഗരിയിലേക്ക് പ്രവർത്തകരെ പ്രവേശിപ്പിച്ചു തുടങ്ങും. അഞ്ചുവിളക്കിനു സമീപത്തുനിന്നു കോട്ടയ്ക്ക് എതിർവശത്തുള്ള ഗേറ്റ് വഴിയും സുരക്ഷാ പരിശോധനകളുണ്ട്.

റോഡ് ഷോയ്ക്കായി തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിയെ കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളജിലെ ഹെലിപ്പാഡിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഇന്ന് വൈകിട്ട് 4.10ന് പ്രധാനമന്ത്രി ഇവിടെ ഇറങ്ങും. അവിടുന്ന് റോഡ് മാർഗം സ്വരാജ് റൗണ്ടിലേക്ക്. റൗണ്ടിൽ ജില്ലാ ജനറൽ ആശുപത്രി പരിസരം മുതൽ ബിനി ഹെറിറ്റേജ് വരെ 900 മീറ്റർ റോഡ് ഷോ. ജനങ്ങളെ 5 വരികളിലായി നിരത്തും. വിവിധ കലാരൂപങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഒരുക്കിയിട്ടുണ്ട്.
