വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ ആക്രമണത്തിനും കുടിയേറ്റ വിരുദ്ധ നയങ്ങൾക്കുമെതിരെ യു.എസിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അമേരിക്കയിലുടനീളം സംഘടിപ്പിക്കപ്പെട്ട ‘നോ കിങ്‌സ്’ പ്രതിഷേധ റാലികളിൽ ദശലക്ഷക്കണക്കിന് പേർ അണിനിരന്നു. രാജ്യത്തുടനീളം 3100ൽ അധികം കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധ പരിപാടികൾ. ഫ്രാൻസ്, പോർച്ചുഗൽ, ജർമനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലും ട്രംപിനെതിരെ പ്രതിഷേധ റാലികൾ നടസംഘടിപ്പിച്ചു. പ്രതിഷേധക്കാർ ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെയും മറ്റ് ഭരണകൂട ഉദ്യോഗസ്ഥരുടെയും കോലം കത്തിച്ചു. മിനസോട്ടയിലെ റാലി ജനബാഹുല്യം കൊണ്ട് ലോകമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റി. രണ്ടു ലക്ഷത്തിലധികം പേരാണ് ഇവിടെ റാലിയിൽ അണിനിരന്നത്. കാലിഫോർണിയ, ടെന്നസി, ഒഹായോ, ന്യൂജേഴ്‌സി, ഡെലവെയർ, ഫ്ലോറിഡ, ടെക്സസ്, വാഷിംഗ്ടൺ, ഡി.സി തുടങ്ങിയ സ്ഥലങ്ങളിൽ റാലിയിലും ആയിരങ്ങൾ അണിനിരന്നു.

ശനിയാഴ്ചയായിരുന്നു റാലി സംഘടിപ്പിച്ചത്. മിനസോട്ടയിലെ സെന്റ് പോളിൽ നടന്ന റാലിയിൽ സംസ്ഥാന ഗവർണർ ടിം വാൾസ്, സെനറ്റർ ബെർണി സാൻഡേഴ്‌സ്, നടി ജെയ്ൻ ഫോണ്ട, പാർലമെൻറംഗം ഇൽഹാൻ ഒമർ തുടങ്ങിയ പ്രശസ്തർ പങ്കെടുത്തു. ഗ്രാമി അവാർഡ് ജേതാവായ പ്രശസ്ത അമേരിക്കൻ റോക്ക് ഗായകൻ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ മിനസോട്ടയിലെ റാലിയിൽ ഗാനങ്ങൾ ആലപിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായാണ് നോ കിങ്‌സ് വിലയിരുത്തപ്പെടുന്നത്.”മുഖംമൂടി ധരിച്ച രഹസ്യ പൊലീസ് നമ്മുടെ ആളുകളെ ഭീകരവാദികളാക്കുന്ന, നിയമവിരുദ്ധവും വിനാശകരവുമായ ഒരു യുദ്ധം നമ്മെ അപകടത്തിലാക്കുകയും നമ്മുടെ ചെലവുകൾ വർധിപ്പിക്കുകയും ചെയ്യുന്നു, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും വോട്ടവകാശവും ചോദ്യം ചെയ്യപ്പെടുന്നു. ജീവിതച്ചെലവ് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു.

നമ്മുടെ മേൽ സ്വേച്ഛാധിപതിയായി ഭരിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. ഇത് അമേരിക്കയാണ്, അധികാരം ജനങ്ങളുടേതാണ്- “രാജാക്കന്മാരാകാൻ ആഗ്രഹിക്കുന്നവർക്കോ അവരുടെ ശതകോടീശ്വരൻമാർക്കോ അല്ല,” ‘നോ കിങ്സ്’ വെബ്സൈറ്റിൽ പറയുന്നു. ട്രംപിൻറെ ഏകാധിപത്യ ഭരണ രീതി കൾക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു ‘നോ കിങ്‌സ്’ പ്രതിഷേധങ്ങൾ. ഇറാനിൽ നടത്തുന്ന സൈനിക നടപടിയും തുടർന്നുണ്ടായ പ്രതിസന്ധികളും ജനങ്ങളിൽ സമാധാനം നഷ്‌ടപ്പെടുത്തി. ട്രംപിൻറെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) രാജ്യവ്യാപകമായ ക്രൂരമായ റെയ്ഡുകൾക്കും കൂട്ട നാടു കടത്തലുകൾക്കുമെതിരെ രോഷം ഇരമ്പുകയാണ്. ജനുവരിയിൽ മിനസോട്ടയിൽ നടന്ന പ്രതിഷേധത്തിനിടെ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടത് പ്രതിഷേധനത്തിനിടയാക്കിയിരുന്നു.
