ഓട്ടവ: ഒട്ടാവ പൊലീസ് സര്‍വീസിന്റെ ബാര്‍ഹാവന്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. നിര്‍മ്മാണ സ്ഥലത്തെ മണ്ണ് ദുര്‍ബലമായതിനാല്‍ പദ്ധതിയുടെ ചെലവില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ വര്‍ധനയുണ്ടായതായി പൊലീസ് ബോര്‍ഡിന്റെ ഫിനാന്‍സ് ആന്‍ഡ് ഓഡിറ്റ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
3505 പ്രിന്‍സ് ഓഫ് വെയില്‍സ് ഡ്രൈവില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തിന്റെ അടിത്തറ ശക്തമാക്കുന്നതിന് പൈല്‍ ഫൗണ്ടേഷന്‍ വിപുലീകരിക്കേണ്ടി വന്നതാണ് ചെലവ് കൂടാന്‍ പ്രധാന കാരണം. ദുര്‍ബലമായ മണ്ണില്‍ കെട്ടിടത്തിന് താങ്ങ് നല്‍കാന്‍ കൂടുതല്‍ ആഴത്തില്‍ തൂണുകള്‍ താഴ്‌ത്തേണ്ടി വന്നത് നിര്‍മ്മാണ കാലതാമസത്തിനും ഇടയാക്കി. തല്‍ഫലമായി, നിര്‍മ്മാണത്തിനായുള്ള മുന്‍കൂട്ടി നിശ്ചയിച്ച അധിക ഫണ്ട് 8.05 ദശലക്ഷം ഡോളറില്‍ നിന്ന് 17 ദശലക്ഷം ഡോളറായി ഉയര്‍ന്നു. ഇതില്‍ ഏകദേശം 10 ദശലക്ഷം ഡോളര്‍ മണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഉപയോഗിച്ചത്.

എങ്കിലും, തുടക്കത്തിലുണ്ടായ ഈ അധികച്ചെലവുകള്‍ക്കിടയിലും പദ്ധതി നിശ്ചയിച്ച ബജറ്റിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏകദേശം 5 ദശലക്ഷം ഡോളര്‍ ബജറ്റില്‍ ബാക്കിയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ നിര്‍മ്മാണത്തിന്റെ 73 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗം, മേല്‍ക്കൂര എന്നിവയുടെ പണികള്‍ കഴിഞ്ഞു. ഇനി ഉള്‍വശത്തെ മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. 2027 മാര്‍ച്ചോടു കൂടി പോലീസ് ഉദ്യോഗസ്ഥര്‍ പുതിയ കേന്ദ്രത്തിലേക്ക് മാറാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
