ജെറുസലേം: വിശുദ്ധ സെപുൽക്കർ ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടത്തുന്നതിൽ നിന്നും കത്തോലിക്കാ സഭയെ തടഞ്ഞു ഇസ്രയേൽ പൊലീസ്. ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഇത്തരമൊരു നടപടി. ലാറ്റിൻ പാട്രിയാർക്കേറ്റ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല അടക്കമുള്ളവർക്ക് പ്രവേശനം നിഷേധിച്ചതിനെ അന്യായവും യുക്തിരഹിതവും എന്നാണ് സഭ വിശേഷിപ്പിച്ചത്.
ജനക്കൂട്ടമില്ലാതെ ഏതാനും മതനേതാക്കൾക്ക് മാത്രമായി പ്രവേശനം നൽകണമെന്ന സഭയുടെ ആവശ്യം പൊലീസ് നിരസിക്കുകയായിരുന്നു. ഇടുങ്ങിയ തെരുവുകളിൽ അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ബുദ്ധിമുട്ടും ബോംബ് ഷെൽട്ടറുകളുടെ കുറവുമാണ് കാരണമായി അധികൃതർ പറയുന്നത്. ഇതേത്തുടർന്ന് പതിനായിരങ്ങൾ പങ്കെടുക്കാറുള്ള പരമ്പരാഗത ഓശാന ഘോഷയാത്രയും ഇത്തവണ ഒഴിവാക്കി. സമീപത്തെ സെന്റ് സേവ്യർസ് മൊണാസ്ട്രിയിലാണ് പിന്നീട് തിരുക്കർമ്മങ്ങൾ നടന്നത്.

സംഭവത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് വിശ്വാസികൾക്കും മതസ്വാതന്ത്ര്യത്തിനും എതിരായ കടന്നുകയറ്റമാണെന്ന് അവർ പ്രസ്താവിച്ചു. എന്നാൽ ഇതിൽ ദുരുദ്ദേശമില്ലെന്നും സുരക്ഷ മുൻനിർത്തിയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശദീകരിച്ചു. വരും ദിവസങ്ങളിൽ ഈസ്റ്റർ ചടങ്ങുകൾക്കായി നിയന്ത്രണങ്ങളോടെ ദേവാലയം തുറന്നുകൊടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
