വിശാഖപട്ടണം: പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ പോലീസിൽ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐ.എൻ.എസ് ദേഗയിൽ ജോലി ചെയ്യുന്ന രവീന്ദ്ര (30) ആണ് പിടിയിലായത്. പൊളിപ്പള്ളി മൗനിക (31) യാണ് കൊല്ലപ്പെട്ടത്. 2021-ൽ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് രവീന്ദ്രയും മൗനികയും പരിചയപ്പെടുന്നത്. തുടർന്ന് ഇവർ പ്രണയത്തിലാവുകയായിരുന്നു. എന്നാൽ 2024-ൽ രവീന്ദ്ര മറ്റൊരു വിവാഹം കഴിച്ചതോടെ ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചു. രവീന്ദ്രയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് ഇയാൾ മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. മൗനിക തന്നെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്യുന്നതായും പണം ആവശ്യപ്പെടുന്നതായും രവീന്ദ്ര പോലീസിനോട് പറഞ്ഞു. തർക്കത്തിനിടെ രവീന്ദ്ര മൗനികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി കത്തിയെത്തിച്ച് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. ശരീരത്തിന്റെ പ്രധാന ഭാഗങ്ങൾ ഫ്രിഡ്ജിൽ ഒളിപ്പിക്കുകയും, തലയും കൈകളും മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി കത്തിച്ചുകളയുകയും ചെയ്തു. കാലുകൾ ട്രോളി ബാഗിലാക്കി ഉപേക്ഷിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നു. കുറ്റബോധം തോന്നിയ രവീന്ദ്ര പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ ഫ്രിഡ്ജിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഡൽഹിയിലെ ശ്രദ്ധ വാക്കർ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ കൊലപാതകവും നടന്നതെന്ന് പോലീസ് നിരീക്ഷിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്നും വിശാഖപട്ടണം പോലീസ് അറിയിച്ചു.
