Monday, March 30, 2026

വെസ്റ്റ് ജെറ്റ് യാത്രക്കാരെ കബളിപ്പിച്ചെന്ന്‌ റിപ്പോർട്ട്; സുരക്ഷാ കാരണങ്ങളാൽ നഷ്ടപരിഹാരം നിഷേധിച്ചു

ടൊറന്റോ: സുരക്ഷാകാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ വെസ്‌റ്റ്‌ജെസ്‌റ്റ്‌ യാത്രക്കാർക്ക്‌ അർഹമായ നഷ്‌ടപരിഹാരം നിഷേധിക്കുന്നത്‌ കള്ളങ്ങൾ പറഞ്ഞാണെന്ന്‌ ആരോപണം. സാങ്കേതിക തകരാറുകൾ എന്ന് ഇമെയിൽ വഴി അറി യിക്കുമ്പോഴും, യഥാർത്ഥത്തിൽ കൂടുതൽ ലാഭകരമായ റൂട്ടുകളിലേക്ക് വിമാനങ്ങൾ വകമാറ്റി വിടുകയാണ് കമ്പനി ചെയ്യുന്നതെന്നാണ്‌ യാത്രക്കാർ തെളിവുകൾ സഹിതം കണ്ടെത്തിയത്‌. വിനിപെഗ് സ്വദേശിയായ റോക്കി ന്യൂഫെൽഡ് എന്ന യാത്രക്കാരനുണ്ടായ അനുഭവമാണ് ഈ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത്. 2025 ഫെബ്രുവരിയിൽ എഡ്മിന്റണിൽ നിന്ന് ഫോർട്ട് മക്മറിയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കയറി ഇരുന്ന അദ്ദേഹത്തോട് വിമാനം റദ്ദാക്കിയതായും മറ്റൊരു ആവശ്യത്തിനായി വിമാനത്തിൻ്റെ യാത്ര മാറ്റുകയാണെന്നുമായിരുന്നു ഗേറ്റ് ഏജന്റ് നേരിട്ട് അറിയിച്ചത്‌. എന്നാൽ തൊട്ടുപിന്നാലെ കമ്പനി അയച്ച ഔദ്യോഗിക ഇമെയിലിൽ സുരക്ഷാപരമായ കാരണങ്ങളാൽ അപ്രതീക്ഷിതമായ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാലാണ് വിമാനം റദ്ദാക്കിയത് എന്നാണ് രേഖപ്പെടുത്തിയത്‌. കാനഡയിലെ എയർ പാസഞ്ചർ പ്രൊട്ടക്ഷൻ റെഗുലേഷൻസ് പ്രകാരം വിമാനക്കമ്പനിയുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാൽ യാത്ര തടസ്സപ്പെട്ടാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ സുരക്ഷയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ കാരണമാണ് വിമാനം റദ്ദാക്കുന്നതെങ്കിൽ കമ്പനി പണം നൽകേണ്ടതില്ല.ഈ നിയമപരമായ പഴുത് മുതലെടുത്ത് വെസ്റ്റ് ജെറ്റ് ബോധപൂർവം സുരക്ഷാ കാരണങ്ങൾ കള്ളം പറയുന്നു എന്നാണ്‌ എയർ പാസഞ്ചർ റൈറ്റ്സ് സ്ഥാപകൻ ഗാബോർ ലൂക്കാസ് ആരോപിക്കുന്നത്‌. റോക്കി ന്യൂഫെൽഡ് നടത്തിയ നിയമപോരാട്ടത്തിൽ വെസ്റ്റ് ജെറ്റ് സമർപ്പിച്ച രേഖകളിൽ ക്രമക്കേട് കണ്ടെത്തി.

വിമാനം റദ്ദാക്കുന്നതിന് എട്ട് മിനിറ്റ് മുമ്പ് മാത്രം തകരാറുള്ള മറ്റൊരു വിമാനം ഈ റൂട്ടിലേക്ക് മാറ്റുകയും, യാത്രക്കാർ ഇരുന്നിരുന്ന നല്ല വിമാനം മറ്റൊരു റൂട്ടിലേക്ക് അയക്കുകയുമായിരുന്നു കമ്പനി ചെയ്‌തത്‌. കോടതിയിൽ കേസ് എത്തിയതോടെ വെസ്റ്റ് ജെറ്റ് ഒത്തുതീർപ്പിന് തയ്യാറാവുകയും, കൂടുതൽ യാത്രക്കാരുള്ള റൂട്ടിലേക്ക് വിമാനം മാറ്റിയത് ഒരു ബിസിനസ് തീരുമാനം ആയിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു.തന്മയ് മേത്ത എന്ന മറ്റൊരു യാത്രക്കാരനും സമാനമായ അനുഭവം പങ്കുവെച്ചു. തന്റെ വിമാനം അറ്റകുറ്റപ്പണിക്കായി മാറ്റി എന്ന് കമ്പനി പറയുമ്പോഴും, ആ വിമാനം മറ്റ് റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ടായിരുന്നു എന്ന് അദ്ദേഹം കണ്ടെത്തി. കാനഡയിലെ നിയമങ്ങൾ യൂറോപ്യൻ യൂണിയനെ അപേക്ഷിച്ച് ദുർബലമാണെന്നും, എയർലൈനുകൾ യാത്രക്കാരെ കബളിപ്പിക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണെന്നും ലൂക്കാസ് പറഞ്ഞു. വെസ്റ്റ് ജെറ്റിന് മുൻപും ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെങ്കിലും, ആ തുകകൾ കമ്പനിയെ സംബന്ധിച്ചിടത്തോളം തുച്ഛമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കാൻ വെസ്റ്റ് ജെറ്റ് അധികൃതർ തയ്യാറായില്ല. വിമാനം റദ്ദാക്കപ്പെടുമ്പോൾ കമ്പനികൾ നൽകുന്ന കാരണങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും രേഖകൾ ആവശ്യപ്പെടണമെന്നുമാണ്‌ വിദഗ്‌ദ്ധർ ഇക്കാര്യത്തിൽ യാത്രക്കാർക്ക് നൽകുന്ന ഉപദേശം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!