ഓട്ടവ: കാനഡയിൽ പുതിയ ഭവനങ്ങളുടെ നിർമ്മാണം വേഗത്തിലാക്കുന്നതിനായി ഫെഡറൽ സർക്കാരും ഒന്റാരിയോ സർക്കാരും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ഡെവലപ്‌മെന്റ് ചാർജുകളിൽ 50 ശതമാനം വരെ കുറവ് വരുത്താൻ തീരുമാനിച്ചു. മുനിസിപ്പാലിറ്റികൾ ഈടാക്കുന്ന വികസന ഫീസുകൾ 50 ശതമാനം വരെ കുറയ്ക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രീമിയർ ഡഗ് ഫോർഡും ചേർന്ന് നടത്തും. ഇത് പുതിയ ഭവനങ്ങളുടെ വില കുറയ്ക്കാൻ സഹായിക്കും. കഴിഞ്ഞ ആഴ്ച പുതിയ ഭവനങ്ങളുടെ നിർമ്മാണ ചെലവിൽ 10 ലക്ഷം ഡോളർ വരെയുള്ള തുകയ്ക്ക് 13 ശതമാനം എച്ച്. എസ്. ടി ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഇളവ്. ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ച ‘ബിൽഡ് കമ്മ്യൂണിറ്റീസ് സ്ട്രോങ്ങ് ഫണ്ട്’ വഴിയാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഒന്റാരിയോയിൽ 15 ലക്ഷം ഭവനങ്ങൾ നിർമ്മിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ ഭവനനിർമ്മാണ രംഗത്തുണ്ടായ മന്ദത പരിഹരിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ റോഡുകൾ, കുടിവെള്ളം, മലിനജല പൈപ്പുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുനിസിപ്പാലിറ്റികൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ ഡെവലപ്പ്‌മെൻ്റ് ചാർജുകളെയാണ്. ഈ ചാർജുകൾ കുറയ്ക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നും, ഇത് നികത്താൻ പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കേണ്ടി വരുമെന്നും ആശങ്കയുണ്ട്.
