Monday, March 30, 2026

ശ്രീലങ്കയിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷം; വൈദ്യുതി വിലയിൽ 40 ശതമാനം വർദ്ധന

കൊളംബോ: മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജ്ജ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് ശ്രീലങ്ക. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 40 ശതമാനത്തോളം വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇന്ധനവില വർദ്ധനവിനും വൈദ്യുതി നിയന്ത്രണത്തിനും പിന്നാലെ ഊർജ്ജം ലാഭിക്കാനായി ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തിദിനവും സർക്കാർ നടപ്പിലാക്കി.

മധ്യവർഗ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 61 രൂപയിൽ നിന്ന് 84 രൂപയായി (ഏകദേശം 39.34 ശതമാനം വർദ്ധന) വില ഉയരും. കുറഞ്ഞ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 11.11 ശതമാനം വർദ്ധനവുണ്ടാകും. മിഡിൽ ഈസ്റ്റ് സംഘർഷത്തിന് മുൻപുള്ള വില നിലവാരമനുസരിച്ചാണ് ഇപ്പോഴത്തെ വർദ്ധനയെന്നും ഏപ്രിലിൽ ഇനിയും വില കൂടിയേക്കാമെന്നും പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ഈ മാസം മാത്രം മൂന്ന് തവണയാണ് ശ്രീലങ്ക ഇന്ധനവില വർദ്ധിപ്പിച്ചത്. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തിദിനം നിശ്ചയിച്ചു. സ്വകാര്യ മേഖലയോട് വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്ന രീതി പിന്തുടരാനും സർക്കാർ ആവശ്യപ്പെട്ടു. യുഎസ്-ഇസ്രയേൽ ആക്രമണങ്ങളെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയത്. ലോകത്തെ ഇന്ധന ഇറക്കുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത അടഞ്ഞതോടെ എണ്ണ ഇറക്കുമതി പൂർണ്ണമായും തടസ്സപ്പെട്ടു.

2022-ലെ കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്കയ്ക്ക് മിഡിൽ ഈസ്റ്റിലെ യുദ്ധം വലിയ തിരിച്ചടിയാണ്. നിലവിൽ ഐഎംഎഫ് നൽകിയ 2.9 ബില്യൺ ഡോളറിന്റെ സഹായത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക നീക്കങ്ങൾ നടക്കുന്നത്. ഇന്ധനത്തിനും കൽക്കരിക്കും പൂർണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന ശ്രീലങ്കയിൽ വരും ദിവസങ്ങളിൽ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!