മൺട്രിയോൾ: പലസ്തീനിയൻ വംശജയും യൂറോപ്യൻ പാർലമെന്റ് അംഗവുമായ റീമ ഹസ്സന് വീസ നിഷേധിച്ച് കാനഡ. കനേഡിയൻ അധികൃതർ തന്റെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) ആദ്യം അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നുവെന്നും, ഇത് മൺട്രിയോളിൽ നടക്കാനിരുന്ന വിവിധ സമ്മേളനങ്ങളിൽ താൻ പങ്കെടുക്കുന്നത് തടയാനുള്ള ബോധപൂർവമായ ശ്രമമാണെന്നും റീമ ഹസ്സൻ ആരോപിച്ചു. മുൻപ് വീസ നിരസിക്കപ്പെട്ട വിവരമോ ക്രിമിനൽ കുറ്റങ്ങളോ വെളിപ്പെടുത്തിയില്ലെന്നാരോപിച്ചാണ് നടപടിയെന്ന് ഫ്രാൻസ് അൺബോവ്ഡ് പാർട്ടി പ്രസ്താവനയിൽ പറയുന്നു. എന്നാൽ, റീമയുടെ പലസ്തീൻ അനുകൂല നിലപാടുകളും ഇസ്രയേൽ വിരുദ്ധ വിമർശനങ്ങളും കാരണമാണ് ഈ വിലക്കെന്നും, ഇസ്രയേൽ മുൻപ് അവർക്ക് പ്രവേശനാനുമതി നിഷേധിച്ചത് കാനഡയും പിന്തുടരുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി. ഈ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ച റീമ ഹസ്സൻ, മൺട്രിയോളിലെ സമ്മേളനങ്ങളിൽ ഓൺലൈൻ വഴി സംസാരിക്കുമെന്ന് വ്യക്തമാക്കി.

റീമ ഹസ്സന്റെ സന്ദർശനം തടഞ്ഞ നടപടിയെ എൻഡിപി എംപി അലക്സാണ്ടർ ബൗൾറിസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്ന ഒരാളെ രാഷ്ട്രീയ കാരണങ്ങളാൽ തടയുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനിടെ, ബിനൈ ബ്രിത്ത് (B’nai Brith), സിഐജെഎ (CIJA) തുടങ്ങിയ ജൂത അനുകൂല സംഘടനകൾ കാനഡയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. അക്രമത്തെ മഹത്വവൽക്കരിക്കുകയും ഭീകരവാദത്തെ ന്യായീകരിക്കുകയും ചെയ്യുന്നവർക്ക് കാനഡ ഇടം നൽകില്ലെന്ന് ബിനൈ ബ്രിത്ത് സംഘടന പറഞ്ഞു. അതേസമയം, റീമ നേരിട്ട് എത്തിയില്ലെങ്കിലും സമ്മേളനങ്ങൾ ഓൺലൈനായി തുടരുന്നതിനെ ഈ സംഘടനകൾ വിമർശിച്ചു. കാനഡ ബോർഡർ സർവീസസ് ഏജൻസി വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
