മൺട്രിയോൾ : ജനജീവിതം ദുസ്സഹമാക്കി തെക്കൻ കെബെക്കിന്‍റെ ചില ഭാഗങ്ങളിൽ ഇന്ന് രാത്രി വരെ ഫ്രീസിങ് റെയിന് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. മൺട്രിയോൾ , മോണ്ടെറെഗി, സെന്‍റർ-ഡു-കെബെക്ക് എന്നിവയുൾപ്പെടെ പ്രദേശങ്ങളിൽ അഞ്ച് മില്ലിമീറ്റർ വരെ ഫ്രീസിങ് റെയിൻ പ്രതീക്ഷിക്കുന്നു. കൂടാതെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വടക്കുകിഴക്കൻ കാറ്റ് വീശും. പകൽ സമയത്ത് 3 സെൽഷ്യസ് വരെ ഉയർന്ന താപനിലയും രാത്രിയിൽ താപനില പൂജ്യത്തിലേക്ക് കുറയുകയും ചെയ്യും.

ബുധനാഴ്ചയും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി ഫെഡറൽ ഏജൻസി അറിയിച്ചു. പകൽ താപനില 7 സെൽഷ്യസ് വരെ ഉയരുമെങ്കിലും രാത്രിയിൽ താപനില മൈനസ് 3 സെൽഷ്യസിലേക്ക് താഴുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച വീണ്ടും മഴ പെയ്യാൻ തുടങ്ങും. രാത്രി വരെ മഴ തുടരും. ഉയർന്ന താപനില 5 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 2 ഡിഗ്രി സെൽഷ്യസുമായിരിക്കും. വാരാന്ത്യത്തിൽ തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥ തിരിച്ചെത്തും. ശനിയാഴ്ച ഉയർന്ന താപനില 9 ഡിഗ്രി സെൽഷ്യസും, തുടർന്ന് ഞായറാഴ്ച കൂടുതൽ മഴയും താപനില 12 ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കുന്നു.
