ടെഹ്റാൻ: ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന വാർത്തകൾക്കിടെ യു.എസ് സൈന്യത്തെ പരസ്യമായി വെല്ലുവിളിച്ച് ഇറാൻ. സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ പരിശീലനം നടത്തുന്നതിൻറെയും വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങളുടെ വിഡിയോ ഇറാൻ പുറത്തുവിട്ടു. ”അടുത്തേക്ക് വരൂ, നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു..’’ എന്നും 59 സെക്കൻഡുള്ള വീഡിയോയിൽ വ്യക്തമാക്കുന്നു. പൂർണ സജ്ജീകരണത്തോടെ സൈനികർ അഭ്യാസങ്ങൾ നടത്തുന്നതും പരുക്കൻ ഭൂപ്രദേശത്തിലൂടെ മുന്നേറുന്നതും വീഡിയോയിലുണ്ട്. മറ്റൊരു ദൃശ്യത്തിൽ ഇറാനിയൻ സൈന്യത്തിന്റെ ഒരു വലിയ മിസൈൽ വിക്ഷേപണ വാഹനം ആയുധം തൊടുക്കുന്നതും പിന്നാലെ സ്ഫോടനങ്ങൾ ഉണ്ടാകുന്നതും പ്രസ് ടിവിയിലൂടെ പുറത്തുവിട്ട വിഡിയോയിൽ കാണാനാകും. വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ കരയാക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു. യുദ്ധ വിരാമത്തിനായി താൻ സമർപ്പിച്ച 15 ഇന നിർദേശങ്ങളിലടക്കം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിൽ 3500 യു.എസ് സൈനികർകൂടി എത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സൈനികർ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, തന്ത്രപ്രധാന ഹുർമുസ് കടലിടുക്ക് അടച്ചിട്ടാലും ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് തയാറാണെന്ന റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തുവന്നു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകൾ ‘വളരെ നന്നായി’ മുന്നോട്ടുപോകുന്നുവെന്ന വാഷിങ്ടണിൻറെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. യുദ്ധം 31 ദിവസം പിന്നിടുമ്പോഴും നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയാറായിട്ടില്ലെന്ന് വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി. അമേരിക്ക ചർച്ചകൾക്കായി അഭ്യർഥന നടത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യസ്ഥർ വഴി ചില നിർദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ ഈ നിർദേശങ്ങളിന്മേൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു. മുമ്പ് നടന്ന നയതന്ത്ര നീക്കങ്ങളിൽ അമേരിക്കയിൽ നിന്ന് നേരിട്ട വഞ്ചന ഇറാൻ മറന്നിട്ടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിൽ രാജ്യത്തെ സംരക്ഷിക്കുന്നതിലാണ് പൂർണ്ണ ശ്രദ്ധയെന്നും സൈനിക അധിനിവേശത്തിനിടയിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഇറാൻ വ്യക്തമാക്കി.
