ടൊറന്റോ: ഒന്റാരിയോയിലെ നോർവിച്ചിന് വടക്ക് ട്രാൻസ്പോർട്ട് ട്രക്കും എസ്യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഹൈവേ 59 ആൻഡ് ക്വായ്ക്കർ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. എസ്യുവിയിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നും ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഒക്സ്ഫോർഡ് ഒപിപി (OPP) സെർജന്റ് എഡ് സാൻചുക് അറിയിച്ചു.

അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹൈവേ 59 ആൻഡ് ക്വായ്ക്കർ സ്ട്രീറ്റിലെ പ്രധാന ഭാഗങ്ങൾ പൊലീസ് അടച്ചു. ഏകദേശം എട്ട് മണിക്കൂറോളം ഗതാഗത നിയന്ത്രണം തുടരുമെന്നും പുലർച്ചെ 3:30-ഓടെ മാത്രമേ റോഡുകൾ വീണ്ടും തുറക്കാൻ സാധ്യതയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളോ ഡാഷ് ക്യാം ദൃശ്യങ്ങളോ കൈവശമുള്ളവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് സെർജന്റ് സാൻചുക് അഭ്യർത്ഥിച്ചു. വിവരങ്ങൾ കൈമാറാൻ താല്പര്യമുള്ളവർക്ക് ഒക്സ്ഫോർഡ് ഒപിപി നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
