ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധന വില വർധിച്ചതിനെത്തുടർന്ന് ഏപ്രിൽ 2 മുതൽ ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് 275 രൂപ മുതൽ 10,000 രൂപ വരെയാകും അധികമായി നൽകേണ്ടി വരിക. ആഭ്യന്തര സർവീസുകൾക്ക് ദൂരമനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെയാണ് സർചാർജ്. എന്നാൽ അന്താരാഷ്ട്ര റൂട്ടുകളിൽ ഇത് 900 രൂപ മുതൽ 10,000 രൂപ വരെയായി ഉയരും.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധനവിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഇരട്ടിയിലധികമായി വർധിച്ചത് പ്രവർത്തനച്ചെലവ് കൂട്ടിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ലോകത്തെ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നതും തടസ്സങ്ങൾ സൃഷ്ടിക്കുന്നതും ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇത് വിമാന ഇന്ധന ലഭ്യതയെയും വിലയെയും നേരിട്ട് ബാധിച്ചു.
ഇന്ധന വിലയിലുണ്ടായ വർധനവിന്റെ പൂർണ്ണമായ ഭാരം യാത്രക്കാരിൽ അടിച്ചേൽപ്പിക്കാതെ ഒരു ഭാഗം മാത്രമാണ് സർചാർജായി ഈടാക്കുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. എങ്കിലും ഏപ്രിൽ മാസം മുതൽ വിമാനയാത്രയ്ക്ക് നല്ലൊരു തുക അധികം ചെലവാക്കേണ്ടി വരും.
നേരത്തെ മാർച്ച് 14-ന് ഇൻഡിഗോ സർചാർജ് ഏർപ്പെടുത്തിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് പുതുക്കി നിശ്ചയിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ മറ്റ് വിമാനക്കമ്പനികളും സമാനമായ വർധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
