Wednesday, April 1, 2026

എനർജി ഡ്രിങ്ക് കവർന്നത് 15 വയസ്സുകാരന്റെ ജീവൻ; നിയമം കർശനമാക്കാൻ കെബെക്

കെബെക്ക് സിറ്റി: എനർജി ഡ്രിങ്ക് കഴിച്ച് 15 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കെബെക് ആരോഗ്യ മന്ത്രി സോണിയ ബലാഞ്ചെ. 2024-ൽ റെഡ് ബുൾ എന്ന എനർജി ഡ്രിങ്ക് കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ട സക്കറി മിറോണിന്റെ മാതാപിതാക്കളായ ഡേവിഡ് മിറോൺ, വെറോണിക്ക മാർട്ടിനെസ് എന്നിവരുമായാണ് മന്ത്രി ബുധനാഴ്ച ചർച്ച നടത്തുന്നത്. എഡിഎച്ച്ഡി (ADHD) മരുന്നിനൊപ്പം എനർജി ഡ്രിങ്ക് കൂടി ഉപയോഗിച്ചത് കുട്ടിയുടെ ഹൃദയമിടിപ്പിൽ വ്യതിയാനമുണ്ടാക്കുകയും (Arrhythmia) തുടർന്ന് സ്കൂൾ വിനോദയാത്രയ്ക്കിടെ കുട്ടി കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

സംഭവത്തെത്തുടർന്ന് 16 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ശക്തമായ പ്രചാരണം നടത്തിവരികയാണ്. പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, നിരോധനം ഏർപ്പെടുത്തുന്ന കാര്യത്തിൽ മന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടില്ല. മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ തുടർനടപടികൾ തീരുമാനിക്കൂ എന്നാണ് മന്ത്രിയുടെ നിലപാട്.

ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഘട്ടംഘട്ടമായി മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഇംഗ്ലണ്ട്, നോർവേ തുടങ്ങിയ രാജ്യങ്ങൾ 16 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം പാനീയങ്ങൾ നൽകുന്നത് നിരോധിച്ചിട്ടുണ്ട്. യുവതലമുറയുടെ ആരോഗ്യത്തിന് എനർജി ഡ്രിങ്കുകൾ വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ അംഗങ്ങളും ചൂണ്ടിക്കാട്ടി. സക്കറി മിറോണിന്റെ ഓർമ്മയ്ക്കായി ഈ വിഷയത്തിൽ കർശനമായ നിയമനിർമ്മാണം നടത്തണമെന്ന ആവശ്യം കാനഡയിൽ ശക്തമാവുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!