വാഷിങ്ടൺ∙ ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ജയിച്ചുവെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടി ടെഹ്റൻറെ സൈനിക ശക്തി നശിപ്പിച്ചെന്നും മിക്ക നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് യുദ്ധത്തിൽ യുഎസ് ജയിച്ചെന്ന് ട്രംപ് അവകാശവാദ മുന്നയിച്ചത്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞു. ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉണ്ടാക്കിയ ആണവ കരാർ തെറ്റാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അത് റദ്ദാക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഓപ്പറേഷൻ എപ്പിക് ഫ്യുറിയെന്ന പേരിൽ ലോകത്തെ ഏറ്റവും വലിയ തീവ്രവാദരാഷ്ട്രത്തിനെതിരെ അമേരിക്കൻ സൈന്യം നടപടി തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്. ഇക്കാലയളവിനുള്ളിൽ തന്നെ വലിയ വിജയം യുഎസ് സൈന്യത്തിന് നേടാൻ കഴിഞ്ഞുന്നെും ട്രംപ് അവകാശപ്പെട്ടു. പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതോടെ ജോലി പൂർത്തിയാകും. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞു. ഇറാൻറെ നേതൃനിര ഒന്നടങ്കം തന്നെ ഇല്ലാതായി. ഇറാനിൽ ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല, പക്ഷെ അത് സംഭവിക്കും. ആണവ കേന്ദ്രങ്ങൾ തകർത്തെന്നും ഏത് നീക്കവും അമേരിക്ക അറിയും, തകർക്കുമെന്നും ട്രംപ് പറഞ്ഞു. ‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു. ഞാൻ എപ്പോഴും നയതന്ത്രത്തിൻറെ പാത തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇറാൻ എല്ലാ കരാർ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിൻറെ നിലനിൽപ്പിന് ഭീഷണിയായേനെ. ഹോർമുസ് കടലിടുക്ക് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും യുഎസിന് അതിന്റെ ആവശ്യമില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ആ രാജ്യങ്ങൾ മുന്നിട്ടിറങ്ങട്ടെ. വെനസ്വേല ഉള്ളതിനാൽ നമുക്ക് ഇനി പശ്ചിമേഷ്യയിൽനിന്ന് നിന്ന് എണ്ണ വേണ്ട.

ഫെബ്രുവരി 28 നാണ് യുദ്ധം തുടങ്ങിയത്. 32,000 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ഇപ്പോൾ ആ സംഖ്യ 45,000 ആയി. മറ്റു പ്രസിഡൻറുമാർ ചെയ്ത തെറ്റ് താൻ തിരുത്തിക്കൊണ്ട് ഇരിക്കുകയാണ്. ഞങ്ങൾ ഈ ജോലി പൂർത്തിയാക്കാൻ പോവുകയാണ്. അത് വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സഖ്യകക്ഷികളായ ഇസ്രയേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. അവർ തങ്ങളുടെ കൂടെ തന്നെയുണ്ട്. ഒരു തരത്തിലും, ഒരു രൂപത്തിലും അവർക്ക് പരുക്കേൽക്കാനോ അവർ പരാജയപ്പെടാനോ തങ്ങൾ അനുവദിക്കില്ലെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു. ഡ്രിൽ ബേബി ഡ്രിൽ എന്ന തന്റെ സർക്കാരിന്റെ നയം കാരണം എണ്ണയുടെ കാര്യത്തിൽ ഇപ്പോൾ യുഎസിന് ആശ്വസിക്കാം. ഇന്ധനം ലഭിക്കാൻ ബുദ്ധി മുട്ടുന്ന രാജ്യങ്ങൾ യുഎസിൽ നിന്ന് എണ്ണ വാങ്ങാൻ ട്രംപ് നിർദേശം നൽകി. തങ്ങളുടെ പക്കൽ ധാരാളം എണ്ണയുണ്ടെന്നും ട്രംപ് പറഞ്ഞു. കരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇറാന്റെ വൈദ്യുതി ശൃംഖലയെ ആക്രമിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ജനീവ കൺവൻഷന്റെ ലംഘനമാകും അതെന്നാണ് വിലയിരുത്തൽ.
