എഡ്മിന്റൻ: കാനഡ-ആൽബർട്ട അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ട്രക്കിൽ കടത്താൻ ശ്രമിച്ച 85 കിലോഗ്രാമിലധികം കൊക്കെയ്ൻ പിടികൂടി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). ഈ വർഷം ഫെബ്രുവരി 15-ന് ആൽബർട്ടയിലെ കൂട്ട്സ് അതിർത്തിയിലാണ് സംഭവം നടന്നത്. കാൽഗറി ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന ട്രക്കിൽ നിന്നാണ് അതിശയിപ്പിക്കുന്ന അളവിൽ മയക്കുമരുന്ന് കണ്ടെടുത്തത്.
പച്ചക്കറികളാണ് ട്രക്കിലുള്ളതെന്നായിരുന്നു ഡ്രൈവർ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ ട്രക്കിന്റെ കാബിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് സ്യൂട്ട്കേസുകൾ കണ്ടെത്തുകയായിരുന്നു. ഈ സ്യൂട്ട്കേസുകൾക്കുള്ളിലായി 70 ഇഷ്ടികകളുടെ രൂപത്തിൽ പാക്ക് ചെയ്ത നിലയിലായിരുന്നു 86.9 കിലോഗ്രാം ഭാരമുള്ള കൊക്കെയ്ൻ സൂക്ഷിച്ചിരുന്നത്. തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും മേൽനടപടികൾക്കായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) കസ്റ്റഡിയിൽ വിട്ടുനൽകുകയും ചെയ്തു.

സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും മാരകമായ മയക്കുമരുന്നുകൾ ആൽബർട്ടയിലെ തെരുവുകളിൽ എത്തുന്നത് പ്രതിരോധിക്കുന്നതിനും അതിർത്തി രക്ഷാസേന നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളുടെ തെളിവാണ് ഈ വേട്ടയെന്ന് സിബിഎസ്എ വക്താവ് ജനാലി ബെൽ-ബോയ്ചുക്ക് പറഞ്ഞു. അതിർത്തി വഴിയുള്ള അനധികൃത കടത്തുകൾ തടയാൻ കർശനമായ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
