വാഷിങ്ടൺ: ഇറാനുമായി യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ സൈന്യത്തിന്റെ തലപ്പത്ത് വൻ അഴിച്ചുപണി. യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാന്റി ജോർജിനോട് സ്ഥാനമൊഴിയാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവശ്യപ്പെട്ടു. 2023 ഓഗസ്റ്റ് മുതൽ സേവനമനുഷ്ഠിക്കുന്ന ജോർജിനോട് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് വിരമിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം അധികാരമേറ്റ ശേഷം പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത് പുറത്താക്കുന്ന പത്താമത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് റാന്റി ജോർജ്. വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഗൾഫ് യുദ്ധത്തിലും ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിലും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ബൈഡൻ ഭരണകൂടത്തിന് കീഴിൽ ലോയ്ഡ് ഓസ്റ്റിന്റെ സൈനിക സഹായിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. നേരത്തെ നടന്ന അഴിച്ചുപണികളെ അതിജീവിച്ചെങ്കിലും ഇപ്പോൾ ജോർജിനെയും മാറ്റാൻ ട്രംപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

സൈന്യത്തിലെ ഉന്നത പദവികളിൽ ഹെഗ്സെത്ത് നടത്തുന്ന വ്യാപകമായ പിരിച്ചുവിടലുകളുടെ തുടർച്ചയാണിത്. നേവി തലവൻ അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും എയർഫോഴ്സ് ഉപമേധാവി ജനറൽ ജിം സിൽഫെയെയും നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ജോർജിന്റെ ഡെപ്യൂട്ടി ജനറൽ ജെയിംസ് മിംഗസിനെ മാറ്റി ക്രിസ്റ്റഫർ ലാനീവിനെ തൽസ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്. യുദ്ധസാഹചര്യത്തിനിടയിലെ ഈ അപ്രതീക്ഷിത മാറ്റങ്ങൾ അമേരിക്കൻ പ്രതിരോധ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
