പാരിസ്: സ്കൂളുകളിലെ ലൈംഗിക അതിക്രമങ്ങൾ തടയാൻ കർശന നടപടികളുമായി പാരിസിലെ പുതിയ മേയർ ഇമ്മാനുവൽ ഗ്രെഗ്വാർ രംഗത്ത്. ഈ വർഷം ജനുവരി മുതൽ ലൈംഗിക പീഡനാരോപണത്തെത്തുടർന്ന് നഗരത്തിലെ സ്കൂളുകളിൽ നിന്ന് മുപ്പതിലധികം ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു. കുട്ടികളെ സ്കൂൾ സമയത്തിന് ശേഷം പരിരക്ഷിക്കാൻ നിയോഗിച്ച മോണിറ്റർമാർക്കെതിരെയാണ് പ്രധാനമായും നടപടി എടുത്തത്.
സ്കൂളുകളിലെ സുരക്ഷാ വീഴ്ചകൾ കഴിഞ്ഞ മേയർ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായിരുന്നു. 2026-ന്റെ തുടക്കം മുതൽ ഇതുവരെ ആകെ 78 ജീവനക്കാരെ വിവിധ കാരണങ്ങളാൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിൽ 31 പേർ ലൈംഗിക അതിക്രമം നടത്തിയതായി സംശയിക്കുന്നവരാണ്. ഈ സാഹചര്യം ഗൗരവകരമാണെന്നും ‘സീറോ ടോളറൻസ്’ നയത്തിലൂടെ സ്കൂൾ സംവിധാനത്തെ അടിമുടി പരിഷ്കരിക്കുമെന്നും മേയർ വ്യക്തമാക്കി.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി 2 കോടി യൂറോയുടെ കർമ്മപദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. മുൻപ് താനും ഇത്തരം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മേയർ വെളിപ്പെടുത്തി. നിയമന പ്രക്രിയകൾ പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും സ്വതന്ത്ര കമ്മീഷനെ നിയോഗിക്കും. നഴ്സറി കുട്ടികളാണ് ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നവരിൽ ഭൂരിഭാഗമെന്നും കുറ്റവാളികളെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
