ടൊറന്റോ: മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാൻ നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിന്റെ മുൻകൂർ വോട്ടിംഗ്ആരംഭിച്ചു. ടൊറന്റോയിലെ സ്കാർബ്‌റോ-സൗത്ത് വെസ്റ്റ്, യൂണിവേഴ്സിറ്റി-റോസ്ഡേൽ എന്നീ റൈഡിംഗുകളിലാണ് വോട്ടിംഗ്. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 6 തിങ്കളാഴ്ച വരെ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ വോട്ട് രേഖപ്പെടുത്താം. ഇലക്ഷൻ കാനഡ ഓഫീസുകളിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ മുൻകൂർ വോട്ടിംഗിന് സൗകര്യമുണ്ടാകും. മുൻ മന്ത്രി ബിൽ ബ്ലെയർ കാനഡയുടെ യുകെ ഹൈക്കമ്മീഷണറായി നിയമിതനായതിനെത്തുടർന്നാണ് സ്കാർബ്‌റോ-സൗത്ത് വെസ്റ്റിൽ സീറ്റ് ഒഴിവുവന്നത്. യൂണിവേഴ്സിറ്റി-റോസ്ഡേലിൽ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവിൽ ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ ഈ ഉപതിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടെണ്ണമെങ്കിലും ജയിച്ചാൽ ലിബറലുകൾക്ക് സഭയിൽ ഭൂരിപക്ഷം നേടാനാകും. തപാൽ വോട്ടുകളിലെ തർക്കത്തെത്തുടർന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയ കെബെക്കിലെ ടെറെബോൺ റൈഡിംഗിലും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഏപ്രിൽ 13-നാണ് ഈ മണ്ഡലങ്ങളിൽ ഔദ്യോഗികമായി വോട്ടെടുപ്പ് നടക്കുക. ലിബറൽ പാർട്ടിയുടെ കരുത്തുറ്റ കോട്ടകളായി അറിയപ്പെടുന്ന ഈ മണ്ഡലങ്ങളിലെ ഫലം കാനഡയുടെ വരാനിരിക്കുന്ന രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.
