ന്യൂയോർക്ക്: യു.എ.ഇയ്ക്ക് വേണ്ടി യെമനിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ മുൻ അമേരിക്കൻ സൈനികരെ നിയമിച്ചതായി റിപ്പോർട്ട്. സ്പിയർ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്ന സ്വകാര്യ സൈനിക കമ്പനി രൂപീകരിച്ച് നടത്തിയ ഈ നീക്കത്തിലൂടെ ദശലക്ഷക്കണക്കിന് ഡോളർ ഇവർ സമ്പാദിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
യെമൻ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്തുന്നതിന് പ്രതിമാസം 1.5 ദശലക്ഷം ഡോളർ (ഏകദേശം 12.5 കോടി രൂപ) യുഎഇയിൽ നിന്ന് ഇവർ കൈപ്പറ്റിയിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കി. ഓരോ വിജയകരമായ ദൗത്യത്തിനും പ്രത്യേക ബോണസും ഇവർക്ക് ലഭിച്ചിരുന്നു. അബ്രഹാം ഗോളൻ എന്ന മുൻ സൈനികന്റെ നേതൃത്വത്തിൽ സാൻ ഡീഗോ കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിലെയും നേവി സീലിലെയും മുൻ ഉദ്യോഗസ്ഥരാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. 2015-ൽ യെമനിലെ രാഷ്ട്രീയ നേതാവായ അൻസാഫ് അലി മായോയെ കൊലപ്പെടുത്താൻ ഈ സംഘം ശ്രമിച്ചിരുന്നു. ഏഡനിലെ അദ്ദേഹത്തിന്റെ ഓഫീസിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചെങ്കിലും മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. യെമനിൽ യുഎഇയുടെ നിർദ്ദേശപ്രകാരം തങ്ങൾ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്തിയിരുന്നതായി അബ്രഹാം ഗോളൻ നേരത്തെ മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്.

യുഎസ് പൗരന്മാരല്ലാത്തവർക്കും അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെ അമേരിക്കൻ കോടതികളിൽ കേസ് ഫയൽ ചെയ്യാമെന്ന നിയമമുപയോഗിച്ചാണ് ഇപ്പോൾ ഇവർക്കെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്. യെമൻ ആഭ്യന്തര യുദ്ധത്തിനിടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ യുഎഇ മുൻ യുഎസ് സൈനികരുടെ സേവനം ഉപയോഗപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. എന്നാൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളെ തങ്ങൾ പിന്തുണയ്ക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വെച്ചിട്ടില്ലെന്നാണ് യുഎഇയുടെ ഔദ്യോഗിക നിലപാട്. റിപ്പോർട്ടിന് പിന്നാലെ സൈനികർ തങ്ങളുടെ പരിശീലനവും അറിവും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് നിയമവിദഗ്ദ്ധർ ആവശ്യപ്പെട്ടു.
