ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനെത്തുന്ന വിദേശികൾ ഡൽഹിയും ആഗ്രയും ഉൾപ്പെടുന്ന ‘ഗോൾഡൻ ട്രയാംഗിൾ’ മേഖലകൾ മാത്രം സന്ദർശിച്ച് മടങ്ങുന്ന രീതി മാറണമെന്നും കേരളം പോലുള്ള മനോഹരമായ സ്ഥലങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും വിദേശ ഡിജിറ്റൽ ക്രിയേറ്ററായ ജാക് ഹീറ്റൺ. കേരളത്തിലെ മനോഹരമായ കായൽപ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ജാക്കിന്റെ ഈ പരാമർശം. ഇന്ത്യയെക്കുറിച്ച് ഓൺലൈനിൽ പലപ്പോഴും മോശം അഭിപ്രായങ്ങൾ വരാറുണ്ട്. എന്നാൽ വിദേശികൾ ഇന്ത്യയുടെ തിരക്കേറിയ ചില നഗരങ്ങൾ മാത്രം സന്ദർശിക്കുന്നതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങൾ ഉണ്ടാകുന്നതെന്ന് ജാക് പറയുന്നു. കേരളം പോലെ വൃത്തിയുള്ളതും ശാന്തവുമായ സ്ഥലങ്ങൾ സഞ്ചാരികൾക്ക് മുന്നിൽ കൂടുതൽ എത്തിക്കേണ്ടതുണ്ട്.

കേരളത്തിലെ പരമ്പരാഗത ഹൗസ്ബോട്ടിലെ യാത്രയാണ് ഇന്ത്യയിൽ തനിക്ക് ലഭിച്ച ഏറ്റവും മികച്ച അനുഭവമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇവിടുത്തെ ഭക്ഷണത്തെയും പ്രകൃതിഭംഗിയെയും അദ്ദേഹം പ്രശംസിച്ചു. ജാക്കിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. കേരളത്തിലെത്തിയതോടെ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് 180 ഡിഗ്രി മാറിയെന്ന് ഒരു സഞ്ചാരി കുറിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കാശ്മീർ തുടങ്ങിയ ഇടങ്ങളും ഇത്തരത്തിൽ മനോഹരമാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി. ഭരണസംവിധാനത്തിലും വൃത്തിയുടെ കാര്യത്തിലും ജനങ്ങളുടെ പെരുമാറ്റത്തിലും കേരളം ഏറെ മുന്നിലാണെന്നും ഇന്ത്യയുടെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിലെത്തിക്കാൻ കേരളത്തെ കൂടുതൽ ബ്രാൻഡ് ചെയ്യണമെന്നുമാണ് ജാക് ഹീറ്റണിന്റെ പക്ഷം.
