Sunday, April 5, 2026

സ്വന്തം മണ്ണ്‌ നഷ്ടപ്പെട്ട് ലബനനിലെ ക്രൈസ്തവർ; യുദ്ധനിഴലിൽ കണ്ണീരോടെ ഈസ്റ്റർ

ബെയ്റൂട്ട്: ഇസ്രയേൽ, ഹിസ്ബുള്ള സംഘർഷം രൂക്ഷമായതോ‌ടെ സ്വന്തം വീടുകളിൽ നിന്നും പള്ളികളിൽ നിന്നും അകന്ന്‌ ആയിരക്കണക്കിന്‌ ക്രൈസ്തവർ. ഈസ്റ്റർ ദിനത്തിൽ സ്വന്തം തങ്ങളുടെ പരമ്പരാഗത ഗ്രാമമായ അൽമ അൽ-ഷാബിൽനിന്നും പലായനം ചെയ്യേണ്ടി വന്ന വിശ്വാസികൾ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ പള്ളികളിൽ ഇത്തവണ പ്രാർത്ഥനയ്ക്കായി ഒത്തുകൂടി. യുദ്ധം തുടങ്ങിയതിന് ശേഷം ലബനനിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേർക്ക് വീട് ഉപേക്ഷിച്ചു പോകേണ്ടി വരികയും ചെയ്തു. ഇതിൽ വലിയൊരു വിഭാഗം ദക്ഷിണ ലബനനിലെ ക്രൈസ്തവ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്.അതിർത്തി ഗ്രാമങ്ങളിൽ തുടർന്നവർ ഇസ്രയേൽ വ്യോമാക്രമണത്തിൽ നിന്ന് രക്ഷനേടാൻ പള്ളികളിലാണ് അഭയം തേടിയത്. എന്നാൽ ആക്രമണം കനത്തതോടെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേന ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. അൽമ അൽ-ഷാബിലെ പുരോഹിതനായ ഫാദർ മാരൂൺ ഗഫാരിയുടെ സഹോദരൻ സാമി ഗഫാരി കഴിഞ്ഞ മാസം ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്വന്തം തോട്ടത്തിൽ ജോലി ചെയ്യുന്നതി നിടെ യായിരുന്നു ഈ ദാരുണ അന്ത്യം. വീടിന്റെ മണവും പള്ളികളിലെ പ്രാർത്ഥനയും നഷ്‌‌ടപ്പെടുന്നതിൻ്റെ വേദനയിലാണ്‌ നബീല ഫറ എന്ന മറ്റൊരു വിശ്വാസി. വിശുദ്ധ ശനിയാഴ്ച പ്രിയപ്പെട്ടവരുടെ കല്ലറകൾ സന്ദർശിക്കുന്ന പതിവ് പോലും ഇത്തവണ അവർക്ക് തെറ്റിക്കേണ്ടി വന്നു.

ലബനനിലെ മരോനൈറ്റ് സഭയുടെ തലവൻ ബിഷാര അൽ-റായി, ഹിസ്ബുള്ളയെയും ഇസ്രയേലിനെയും ഒരുപോലെ കുറ്റപ്പെടുത്തി. ഇറാൻ ഇടപെടലും ഇസ്രയേൽ ആക്രമണവുമാണ് ലബനനെ ഈ അവസ്ഥയിലാക്കിയതെന്ന് അദ്ദേഹം തന്റെ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. ബെയ്റൂട്ടിലെ സെന്റ് ആന്റണി പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ, തങ്ങളുടെ ഗ്രാമങ്ങളിലെ പള്ളികളുടെ ചിത്രങ്ങൾ വെച്ചാണ് വിശ്വാസികൾ പ്രാർത്ഥിച്ചത്. യുദ്ധം തകർക്കുന്ന ജീവിതങ്ങൾക്കിടയിലും വിശ്വാസത്തിൽ മുറുകെ പിടിക്കുന്ന ഒരു ജനതയുടെ നേർചിത്രമാണ് ലബനനിലുള്ളത്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!