തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍ ഇന്ന് കേരളത്തിലെത്തും.
മൂന്നാംഘട്ട പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തൃശൂര്‍, പാലക്കാട് ജില്ലകളിലെത്തും. കണ്ണൂര്‍ , മലപ്പുറം ജില്ലകളിലാണ് പ്രിയങ്കാ ഗാന്ധിയുടെ പരിപാടികള്‍.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഡി.കെ ശിവകുമാറും പര്യടനം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയില്‍ തുടരുന്നുണ്ട്. ബിജെപിയുടെ നാല്‍പ്പത്തിയേഴാം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ടെന്നീസ് താരം ലെണ്ടര്‍ പിയേസ്, ബിജെപി ദേശിയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ തുടങ്ങിയവരും തിരുവനന്തപുരത്ത് ഉണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്താം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രകാശനം ചെയ്യും. രാവിലെ പത്ത് മണിക്ക് പിണറായി സര്‍വീസ് സഹകരണ ബാങ്ക് ഹാളിലാണ് പരിപാടി നടക്കുക. തുടര്‍ന്ന് വാര്‍ത്താസമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുഖ്യമന്ത്രിയുടെ റോഡ് ഷോ ധര്‍മ്മടത്ത് നടക്കും. കഴിഞ്ഞ രണ്ടു ദിവസമായി മണ്ഡല പര്യടന പരിപാടിയിലായിരുന്നു പിണറായി വിജയന്‍.
എം. എ ബേബിയുടെ പര്യടനം കൊല്ലം ജില്ലയില്‍ നടക്കും. എന്‍ഡിഎക്കായി ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനും കേരളത്തിലുണ്ട്. ഹരിപ്പാടാണ് അമിത് ഷായുടെ റോഡ് ഷോ നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഒല്ലൂരിലാണ് പര്യടനത്തിനെത്തുന്നത്.അവസാനലാപ്പില്‍ വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും.
