Monday, April 6, 2026

‌’പ്രിയപ്പെട്ട മകൾ’ പിൻ​ഗാമിയായേക്കും; കിം ജോങ് ഉന്നിന്റെ പിൻഗാമിയെക്കുറിച്ച് നിർണ്ണായക റിപ്പോർട്ടുമായി NIS

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകളെ അദ്ദേഹത്തിന്റെ ഔദ്യോഗിക പിൻഗാമിയായി കണക്കാക്കാമെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS). കിം കുടുംബത്തിന്റെ ഭരണം നാലാം തലമുറയിലേക്ക് നീളുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നാണ് എൻ.ഐ.എസിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച ദക്ഷിണ കൊറിയൻ നാഷണൽ അസംബ്ലിയിൽ നടന്ന യോഗത്തിലാണ് ചാരസംഘടനാ മേധാവി ലീ ജോങ്-സോക് ഈ സുപ്രധാന വിലയിരുത്തൽ നടത്തിയത്.

2022 മുതൽ പിതാവിനോടൊപ്പം പ്രധാന സൈനികാഭ്യാസങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും സജീവമായ ഈ പെൺകുട്ടിയെ “ഏറ്റവും പ്രിയപ്പെട്ട മകൾ” എന്നാണ് ഉത്തരകൊറിയൻ സർക്കാർ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. നിലവിൽ ഉത്തരകൊറിയയിലെ രണ്ടാമത്തെ ശക്തയായ വ്യക്തിയായി കരുതപ്പെടുന്ന കിമ്മിന്റെ സഹോദരി കിം യോ ജോങ്ങിന് ഭരണത്തിൽ കാര്യമായ അധികാരങ്ങളില്ലെന്നും, അധികാരം മകളിലേക്ക് കൈമാറാനാണ് കിം ജോങ് ഉൻ ലക്ഷ്യമിടുന്നതെന്നും വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്ധരിച്ച് എൻ.ഐ.എസ് വ്യക്തമാക്കി. ഏകദേശം 13 വയസ്സ് പ്രായമുള്ള ഈ പെൺകുട്ടി ‘കിം ജൂ എ’ ആണെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

അതേസമയം, അതിശക്തമായ പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തരകൊറിയൻ സമൂഹം ഒരു വനിതാ ഭരണാധികാരിയെ എത്രത്തോളം സ്വീകരിക്കുമെന്ന കാര്യത്തിൽ അന്താരാഷ്ട്ര നിരീക്ഷകർക്കിടയിൽ ഭിന്നതയുണ്ട്. ഇതുകൂടി പരിഗണിച്ചാണ് സൈനിക ടാങ്കുകൾ ഓടിച്ചും തോക്കുകൾ ഉപയോഗിച്ചുമുള്ള പരിശീലനങ്ങളിൽ പെൺകുട്ടിയെ പങ്കെടുപ്പിച്ച് സൈന്യത്തിനിടയിൽ അവൾക്ക് സ്വീകാര്യത വർദ്ധിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. 1948-ൽ സ്ഥാപിതമായത് മുതൽ കിം കുടുംബത്തിലെ പുരുഷന്മാരാണ് ഉത്തരകൊറിയ ഭരിക്കുന്നത്. 2011-ൽ പിതാവ് കിം ജോങ് ഇല്ലിന്റെ മരണശേഷമാണ് കിം ജോങ് ഉൻ അധികാരം ഏറ്റെടുത്തത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!