Monday, April 6, 2026

സാത്താൻകുളം കസ്റ്റഡിക്കൊല; 9 പൊലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര കോടതി

മധുര: ആറ് വർഷം മുൻപ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വ്യാപാരിയായ പി. ജയരാജും മകൻ ബെനിക്സും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ നിർണ്ണായക വിധി. പ്രതികളായ ഒൻപത് പൊലീസുകാർക്കും മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചു. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച കേസിലാണ് ഇപ്പോൾ നീതി നടപ്പായിരിക്കുന്നത്. 2020 ജൂൺ 19-നാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ ഷോപ്പ് തുറന്നു എന്നാരോപിച്ച് ജയരാജിനെയും ബെനിക്സിനെയും സാത്താൻകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച ഇരുവർക്കും നേരെ രാത്രി മുഴുവൻ അതിക്രൂരമായ ശാരീരിക പീഡനങ്ങളാണ് നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം ഉൾപ്പെടെയുള്ള കഠിനമായ പരിക്കുകൾ ഇവരുടെ മൃതദേഹങ്ങളിൽ ഉണ്ടായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ദിവസങ്ങൾക്കുള്ളിൽ ഇരുവരും മരണപ്പെടുകയായിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തു. ഇൻസ്പെക്ടർ, രണ്ട് സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ എന്നിവരുൾപ്പെടെ പത്ത് പൊലീസുകാരെയാണ് കേസിൽ പ്രതിചേർത്തത്. ഇതിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ധീരമായ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. രാത്രി മുഴുവൻ അച്ഛനും മകനും മർദ്ദിക്കപ്പെട്ടുവെന്നും സ്റ്റേഷനിലെ മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടാ യിരുന്നുവെന്നും അവർ മൊഴി നൽകി. പ്രതികൾ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ അന്വേഷണ ത്തിലൂടെ സിബിഐ കുറ്റം തെളിയിച്ചു.

അച്ഛനും മകനുമെതിരെയുള്ള പൊലീസിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും സിബിഐ കണ്ടെത്തിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒൻപത് പൊലീസുകാർക്കും വധശിക്ഷ നൽകിക്കൊണ്ട് മധുര ജില്ലാ കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. അധികാര ദുർവിനിയോഗം നടത്തി രണ്ട് നിരപരാധികളുടെ ജീവനെടുത്തത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യമായി കോടതി വിലയിരുത്തി. നീതിക്കായി വർഷങ്ങളോളം പോരാടിയ ജയരാജിന്റെ കുടുംബത്തിന് ഈ വിധി വലിയ ആശ്വാസമാണ് പകരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!