ടൊറന്റോ: സുരക്ഷിതമായ ജോലിയും മികച്ച ജീവിതസാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന കാനഡയിലെ പെർമനന്റ് റെസിഡൻസി പദവി ഉപേക്ഷിച്ച് സാഹിൽ പെരിസ് എന്ന യുവാവ് ഇന്ത്യയിലേക്ക് മടങ്ങി. കാനഡയിലെ ആരോഗ്യപരിപാലന രംഗത്തെ ഗുരുതരമായ പോരായ്മകളും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമാണ് ഇത്തരമൊരു കഠിനമായ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സാഹിൽ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.കാനഡയിലെ പഠനകാലത്തിന്റെ അവസാന ഘട്ടത്തിലാണ് സാഹിലിന് കഴുത്തിന് ഗുരുതരമായി പരുക്കേൽക്കുന്നത്. എന്നാൽ കാനഡയിലെ സങ്കീർണ്ണമായ ആരോഗ്യ സംവിധാനങ്ങൾ കാരണം ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല. കാനഡയിലെ നിയമപ്രകാരം ഒരു ജനറൽ പ്രാക്ടീഷണറുടെ ശുപാർശയില്ലാതെ വിദഗ്ദ്ധ ഡോക്ടറെ കാണാൻ കഴിയില്ല. ടൊറന്റോയിലെ പത്തോളം ഡോക്ടർമാരെ സമീപിച്ചെങ്കിലും ആരും തന്നെ രോഗിയെ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ഒടുവിൽ സ്വാധീനം ഉപയോഗിച്ച് ഒരു ഡോക്ടറെ കണ്ടെത്തിയെങ്കിലും, നിലത്ത് വീണ് ഇഴയുന്ന സാഹചര്യം ഇല്ലാത്തതിനാൽ സ്പെഷ്യലിസ്റ്റിനെ കാണേണ്ടതില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.

എംആർഐ സ്കാനിംഗിന് ഡോക്ടർ വിസമ്മതിച്ചു എന്ന് മാത്രമല്ല, ശസ്ത്രക്രിയ ആവശ്യമായി വന്നാൽ അതിനായി മൂന്ന് മുതൽ അഞ്ച് വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന വെളിപ്പെടുത്തലും സാഹിലിനെ ഞെട്ടിച്ചു. കാനഡയിൽ കൃത്യമായ ചികിത്സ ലഭിക്കാതെ ആരോഗ്യം വഷളായതോടെ സാഹിൽ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ബംഗളൂരുവിലെത്തിയ സാഹിലിന് നടത്തിയ പരിശോധനയിൽ ‘സ്ലിപ്പ് ഡിസ്ക്’ആണെന്ന് കണ്ടെത്തുകയും ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാവുകയും ചെയ്തു. കുടുംബത്തിന്റെ പരിചരണവും കൃത്യമായ ചികിത്സയും ലഭിച്ചതോടെ രണ്ടു വർഷത്തിന് ശേഷം സാഹിൽ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്. പുറത്തുനിന്ന് നോക്കുമ്പോൾ മനോഹരമെന്ന് തോന്നുന്ന കാനഡയിലെ ജീവിതത്തിൽ ആരോഗ്യ സംവിധാനങ്ങൾ വലിയൊരു പ്രതിസന്ധിയാണെന്ന് സാഹിൽ ഓർമ്മിപ്പിക്കുന്നു. വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ അവിടുത്തെ ആരോഗ്യ പരിപാലന രീതികളെക്കുറിച്ച് കൃത്യമായി പഠിക്കണമെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
