കൊൽക്കത്ത: ഐപിഎല്ലിൽ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ് – പഞ്ചാബ് കിങ്‌സ് പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 3.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എടുത്ത് നിൽക്കെയാണ് മഴയെത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴയെത്തുടർന്ന് മത്സരം ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

കളി തടസ്സപ്പെട്ടതിനെത്തുടർന്ന് മഴ മാറിയെങ്കിലും മൈതാനത്തെ ഈർപ്പം കാരണം മത്സരം പുനരാരംഭിക്കാൻ സാധിച്ചില്ല. കുറഞ്ഞത് അഞ്ച് ഓവർ മത്സരമെങ്കിലും നടത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു.
മൂന്ന് മത്സരങ്ങളിൽ നിന്ന് 5 പോയിന്റോടെ പഞ്ചാബ് കിങ്‌സ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
