തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിയോടെ അവസാനിക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6 മുതൽ ഏപ്രിൽ 9 വൈകിട്ട് 6 വരെ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഈ 48 മണിക്കൂർ സമയപരിധിയിൽ വിദേശമദ്യ ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവയൊന്നും പ്രവർത്തിക്കാൻ പാടില്ലെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രചാരണ സമയം അവസാനിക്കുന്നതോടെ മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും ഭാരവാഹികളും ഉടൻ മണ്ഡലം വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ ജാഥകൾ, സംഗീത പരിപാടികൾ, വോട്ടർമാരെ ആകർഷിക്കുന്ന മറ്റ് വിനോദ പരിപാടികൾ എന്നിവ നടത്താനോ പാടുള്ളതല്ല. നിയമലംഘനങ്ങൾ തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ പ്രചാരണങ്ങൾ പ്രദർശിപ്പിക്കുന്നതിനും നിരോധനമുണ്ട്. വോട്ടെടുപ്പ് ദിവസവും തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും അധികൃതർ വ്യക്തമാക്കി.
