ടൊറന്റോ: എറ്റോബിക്കോയിലെ ഓൾഡ് മിൽ സ്റ്റേഷനിലുണ്ടായ ഹൈഡ്രോളിക് എണ്ണ ചോർച്ചയെത്തുടർന്ന് ലൈൻ 2 ബ്ലൂർ-ഡാൻഫോർത്തിൽ സർവീസുകൾ മുടങ്ങിയതായി ടിടിസി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഈ തടസ്സം രാവിലത്തെ തിരക്കേറിയ സമയത്തെയും സാരമായി ബാധിച്ചു. നിലവിൽ ജെയ്ൻ സ്റ്റേഷനും ഇസ്ലിംഗ്ടൺ സ്റ്റേഷനും ഇടയിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

യാത്രക്കാരുടെ സൗകര്യത്തിനായി കീലിനും കിപ്ലിംഗിനും ഇടയിൽ 50-ലധികം ഷട്ടിൽ ബസുകൾ ടിടിസി സർവീസ് നടത്തുന്നുണ്ടെങ്കിലും വലിയ തിരക്കും കാലതാമസവുമാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമെ യാത്രക്കാർക്ക് തങ്ങളുടെ ടിടിസി ടിക്കറ്റുകൾ ഉപയോഗിച്ച് ഡണ്ടാസ് വെസ്റ്റ്, കിപ്ലിംഗ്, ബ്ലൂർ, യൂണിയൻ, മിമിക്കോ എന്നീ ഗോ ട്രാൻസിറ്റ് സ്റ്റേഷനുകളിൽ യാത്ര ചെയ്യാവുന്നതാണ്. പുലർച്ചെ 2:30-ഓടെ പാതയിലെ അറ്റകുറ്റപ്പണികൾക്കിടെയാണ് ഹൈഡ്രോളിക് ദ്രാവകം ചോർന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ശുചീകരണ പ്രവർത്തനങ്ങളും സുരക്ഷാ പരിശോധനകളും തുടരുകയാണ്.സർവീസ് എപ്പോൾ പുനരാരംഭിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കാത്ത സാഹചര്യത്തിൽ, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ താൻ ഖേദിക്കുന്നതായി ടിടിസി സിഇഒ മന്ദീപ് ലാലി പ്രസ്താവനയിൽ അറിയിച്ചു.
