ബെംഗളൂരു: ക്രിക്കറ്റ് മൈതാനത്തെ ശത്രുതയേക്കാൾ വലിയ സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ദൃശ്യങ്ങൾക്കാണ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) മത്സരം സാക്ഷ്യം വഹിച്ചത്. സി.എസ്.കെ ഓപ്പണർ സഞ്ജു സാംസൺ പുറത്തായപ്പോൾ ആഘോഷിക്കുന്നതിന് പകരം കണ്ണുകളടച്ച് നിരാശനായി നിൽക്കുന്ന വിരാട് കോലിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ട്വന്റി20 ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ എന്ന തിളക്കത്തോടെ ചെന്നൈ ടീമിലെത്തിയ സഞ്ജുവിന് ഇതുവരെ പഴയ ഫോമിലേക്ക് ഉയരാനായിട്ടില്ല. ഈ സീസണിലെ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോറുകൾ ഇങ്ങനെയാണ്. ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബെംഗളൂരു ഉയർത്തിയ 250 റൺസ് എന്ന വമ്പൻ സ്കോർ പിന്തുടർന്ന ചെന്നൈക്ക് മൂന്നാം ഓവറിൽ തന്നെ സഞ്ജുവിനെ നഷ്ടമായി. ജേക്കബ് ഡഫിയുടെ പന്തിൽ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. സഞ്ജു തലകുനിച്ച് പവലിയനിലേക്ക് നടക്കുമ്പോൾ, തൊട്ടുപിന്നിൽ നിൽക്കുന്ന കോലി ആ വിക്കറ്റ് ആഘോഷിക്കുന്നതിന് പകരം കണ്ണുകളടച്ച് മറ്റൊരു വശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. സഞ്ജുവിനെപ്പോലൊരു ക്ലാസ് പ്ലെയർ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിലുള്ള വേദന കോലിയുടെ മുഖത്ത് പ്രകടമായിരുന്നു. സഞ്ജു ഔട്ടായത് ആഘോഷിക്കുന്നതിനു പകരം നിരാശയും വേദനയും നിറഞ്ഞ ഈ മുഖഭാവം, സഞ്ജുവിന് കോലി നൽകുന്ന ബഹുമാനമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റ്.

സഞ്ജുവിനോട് കോലിക്കുള്ള പ്രത്യേക ബഹുമാനം ആരാധകർക്ക് പുതിയതല്ല. ലോകകപ്പ് വിജയത്തിന് പിന്നാലെ, മാൻ ഓഫ് ദി ടൂർണമെന്റായ സഞ്ജുവിനെ അഭിനന്ദിച്ച് കോലി പങ്കുവെച്ച കുറിപ്പിൽ “നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ” എന്ന് വിശേഷിപ്പിച്ചത് വലിയ വാർത്തയായിരുന്നു. മൈതാനത്തെ വൈരികളാണെങ്കിലും സഞ്ജുവിന്റെ പ്രകടനത്തെയും പ്രതിഭയെയും കോലി എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് വൈറലാകുന്ന ഈ പുതിയ വീഡിയോ. മത്സരത്തിൽ 43 റൺസിനാണ് ആർസിബി ചെന്നൈയെ പരാജയപ്പെടുത്തിയത്. ടിം ഡേവിഡ് (70*), ദേവ്ദത്ത് പടിക്കൽ (50) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ആർസിബിക്ക് സീസണിലെ ഉയർന്ന ടീം ടോട്ടൽ സമ്മാനിച്ചത്. പൊരുതി നോക്കിയ ചെന്നൈക്ക് 207 റൺസെടുക്കാനേ സാധിച്ചുള്ളൂ.
