ടൊറന്റോ: നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി 2035-ഓടെ എല്ലാ സ്ട്രീറ്റ് ലൈറ്റുകളും എൽഇഡി (LED) ആക്കി മാറ്റുമെന്ന് ടൊറന്റോ മേയർ ഒലീവിയ ചൗ. സിറ്റിയുടെ 2026-ലെ ബജറ്റ് പ്രകാരം അടുത്ത പത്ത് വർഷത്തിനുള്ളിൽ 57.7 കോടി ഡോളർ ഇതിനായി നിക്ഷേപിക്കും. ഊർജ്ജക്ഷമതയുള്ള എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്നതിനൊപ്പം കാലപ്പഴക്കം ചെന്ന ഭൂഗർഭ പശ്ചാത്തല സൗകര്യങ്ങളും ഇതോടൊപ്പം നവീകരിക്കും.

നിലവിൽ ടൊറന്റോയിലെ സ്ട്രീറ്റ് ലൈറ്റുകളിൽ 33 ശതമാനവും ഭൂഗർഭ കേബിളുകളിൽ 86 ശതമാനവും കാലാവധി കഴിഞ്ഞവയാണെന്ന് ടൊറന്റോ ഹൈഡ്രോ വ്യക്തമാക്കി.സ്ട്രീറ്റ് ലൈറ്റുകൾ കേടാകുന്നത് വരെ കാത്തിരുന്ന് പരാതി ലഭിക്കുമ്പോൾ മാത്രം അറ്റകുറ്റപ്പണി നടത്തുന്ന നിലവിലെ രീതിക്ക് പകരം, അവ മുൻകൂട്ടി മാറ്റിസ്ഥാപിക്കുന്ന രീതിയാണ് നടപ്പിലാക്കുകയെന്ന് സ്കാർബ്റോയിലെ മില്ലിക്കെൻ പാർക്കിൽ നടന്ന വാർത്താസമ്മേളനത്തിൽ മേയർ പറഞ്ഞു. ഇതിനായി സ്മാർട്ട് ലൈറ്റിംഗ് കൺട്രോൾ സംവിധാനവും ഏർപ്പെടുത്തും. ഇത് ലൈറ്റുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും തകരാറുകൾ പെട്ടെന്ന് കണ്ടെത്താനും സഹായിക്കും.
പദ്ധതിയുടെ ആദ്യ നാല് വർഷത്തിനുള്ളിൽ കൂടുതൽ തുക ചിലവഴിച്ചുകൊണ്ട് എൽഇഡി മാറ്റം വേഗത്തിലാക്കുമെന്ന് ടൊറന്റോ ഹൈഡ്രോ സിഇഒ ജാന മോസ്ലി അറിയിച്ചു. 2030-ഓടെ നഗരത്തിലെ 60 ശതമാനം സ്ട്രീറ്റ് ലൈറ്റുകളും എൽഇഡി ആക്കി മാറ്റാനാണ് ലക്ഷ്യം. എൽഇഡി സാങ്കേതികവിദ്യയിലൂടെ ഊർജ്ജ ഉപഭോഗം 40 മുതൽ 60 ശതമാനം വരെ കുറയ്ക്കാനാകുമെന്നും ഹരിതഗൃഹ വാതക പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും മോസ്ലി കൂട്ടിച്ചേർത്തു.
