ന്യൂഡൽഹി: ഇന്ത്യയിലെ ഓൺലൈൻ വ്യാപാര മേഖലയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്നതായി ഗൂഗിൾ-ഡെലോയിറ്റ് സംയുക്ത റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 11 കോടി (110 ദശലക്ഷം) പുതിയ ആളുകളാണ് ഓൺലൈൻ ഷോപ്പിങിലേക്ക് എത്തിയത്. ഇതോടെ രാജ്യത്തെ ദ്രുത വാണിജ്യ മേഖലയിൽ 25 മടങ്ങ് വളർച്ച രേഖപ്പെടുത്തി.
മെട്രോ നഗരങ്ങളെക്കാൾ ചെറുകിട നഗരങ്ങളാണ് (ടയർ 2, ടയർ 3) ഇപ്പോൾ ഓൺലൈൻ വിപണിയെ നയിക്കുന്നത്. നിലവിലെ ഓൺലൈൻ ഷോപ്പർമാരിൽ 62 ശതമാനവും ഇത്തരം നഗരങ്ങളിൽ നിന്നുള്ളവരാണ്. മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് ഇപ്പോൾ പ്രതിമാസം 2.6 കോടി സജീവ ഉപഭോക്താക്കളുണ്ട്. പ്രധാന അഞ്ച് പ്ലാറ്റ്ഫോമുകളിലായി പ്രതിദിനം 48 ലക്ഷം ഓർഡറുകളാണ് നടക്കുന്നത്.

ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തുന്ന ബ്രാൻഡുകൾ വൻ ലാഭമുണ്ടാക്കുന്നു. 2025-ൽ ഇത്തരം ബ്രാൻഡുകൾ 16 ബില്യൺ ഡോളർ വരുമാനം നേടുമെന്നാണ് കണക്കാക്കുന്നത്. മീഷോ, മിന്ത്ര തുടങ്ങിയവ നൽകുന്ന ആനുകൂല്യങ്ങൾ വനിതാ സംരംഭകർക്കും ചെറുകിട വ്യാപാരികൾക്കും വലിയ സഹായമാകുന്നുണ്ട്. 2030-ഓടെ ഇന്ത്യയിലെ ഇ-റീട്ടെയിൽ വിപണി മൂന്നിരട്ടി വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത തലമുറയിലെ ഷോപ്പർമാരിൽ ഭൂരിഭാഗവും യുവാക്കളായിരിക്കും . ലളിതമായ ഡിജിറ്റൽ സംവിധാനങ്ങളും കുറഞ്ഞ ചിലവിൽ ബിസിനസ് തുടങ്ങാനുള്ള സൗകര്യങ്ങളുമാണ് ഈ വിപ്ലവകരമായ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
