വാഷിങ്ടണ്‍: മനുഷ്യരാശിയുടെ രണ്ടാം ചാന്ദ്രയുഗത്തിന് തുടക്കം കുറിച്ച ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി നാല് ബഹിരാകാശ സഞ്ചാരികള്‍ നാളെ ഭൂമിയില്‍ തിരിച്ചെത്തും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.37-ന് സാന്‍ഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തില്‍ ഒറൈണ്‍ പേടകം സ്പ്ലാഷ്ഡൗണ്‍ ചെയ്യും. അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിച്ച ഈ ദൗത്യം ബഹിരാകാശ ചരിത്രത്തിലെ നിര്‍ണ്ണായക നാഴികക്കല്ലാണ്.
ഏപ്രില്‍ രണ്ടിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നിവരടങ്ങുന്ന സംഘം യാത്ര തിരിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും, ആദ്യ കറുത്തവര്‍ഗ്ഗക്കാരനായി വിക്ടര്‍ ഗ്ലോവറും, ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി കനേഡിയന്‍ സ്വദേശി ജെറമി ഹാന്‍സനും ഈ ദൗത്യത്തിലൂടെ ചരിത്രം കുറിച്ചു.

ഏപ്രില്‍ 6-ന് രാത്രി ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന 1970-ലെ അപ്പോളോ 13 ദൗത്യത്തിന്റെ റെക്കോര്‍ഡ് ഈ സംഘം മറികടന്നു. ഏപ്രില്‍ ഏഴിന് നടന്ന ലൂണാര്‍ ഫ്‌ലൈബൈക്കിടെ ചന്ദ്രോപരിതലത്തില്‍ നിന്നും കേവലം 6545 കിലോമീറ്റര്‍ അടുത്തുവരെ പേടകമെത്തി. ചന്ദ്രന്റെ മറുഭാഗത്ത് വെച്ച് 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടെങ്കിലും ദൗത്യം സുരക്ഷിതമായി തുടര്‍ന്നു. ചന്ദ്രനിലെ കൂറ്റന്‍ ഗര്‍ത്തമായ ഓറിയന്റലെ ബേസ് നേരില്‍ കാണാനും സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനും സഞ്ചാരികള്‍ക്ക് സാധിച്ചു.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്കും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്ന ആര്‍ട്ടെമിസ് 4 പദ്ധതിക്കും മുന്നോടിയായി ഒറൈണ്‍ പേടകത്തിലെ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായി പരീക്ഷിക്കാന്‍ ഈ യാത്രയിലൂടെ സാധിച്ചു. 56 ലക്ഷം മനുഷ്യരുടെ പേരുകളടങ്ങിയ മെമ്മറി കാര്‍ഡുമായി ‘റൈസ്’ എന്ന ചെറുപാവയും യാത്രികര്‍ക്കൊപ്പം ഈ ചരിത്ര യാത്രയില്‍ പങ്കാളിയായി.
