പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നംഗ സംഘം ബിഹാറില്‍ പിടിയിലായി. പ്രതികള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോര്‍ട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബക്സര്‍ ജില്ലയിലെ സിമ്രി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്.
ബക്സര്‍ സ്വദേശിയായ അമന് തിവാരിയാണ് അറസ്റ്റിലായവരിലെ പ്രധാനി. ഇയാളെ സഹായിച്ച മറ്റ് രണ്ട് യുവാക്കളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. 22 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയെ വധിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ സിഐഎയ്ക്ക് ഇമെയില്‍ അയച്ചത്. ഇതിന് പകരമായി വന്‍ തുക പ്രതിഫലമായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതിയായ അമന് തിവാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2022-ല്‍ കൊല്‍ക്കത്ത വിമാനത്താവളം തകര്‍ക്കാന്‍ പദ്ധതിയിട്ട കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതികളുടെ അറസ്റ്റ് ബക്സര്‍ എസ്പി ശുഭം ആര്യ സ്ഥിരീകരിച്ചു. പിടിയിലായവരെ നിലവില്‍ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിദഗ്ധ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
