മുംബൈ: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ നിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ഒരു മണിക്കൂർ സമയപരിധിഏർപ്പെടുത്താനാണ് ആർബിഐ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച രേഖ ബാങ്ക് പുറത്തിറക്കി. യുപിഐ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി 10,000 രൂപയ്ക്ക് മുകളിലുള്ള പണം കൈമാറുമ്പോൾ, തുക അയക്കുന്നയാളുടെ അക്കൗണ്ടിൽ നിന്ന് കുറയുമെങ്കിലും സ്വീകർത്താവിന് ഒരു മണിക്കൂറിന് ശേഷമേ ലഭ്യമാകൂ. ഈ സമയത്തിനുള്ളിൽ തട്ടിപ്പ് തിരിച്ചറിഞ്ഞാൽ ഇടപാട് റദ്ദാക്കാൻ ഉപഭോക്താവിന് സാധിക്കും.70 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷി ക്കാർക്കും 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ നടത്താൻ ഒരു ‘വിശ്വസ്ത വ്യക്തിയുടെ’ അനുമതി കൂടി വേണമെന്ന നിബന്ധന കൊണ്ടുവന്നേക്കും. അക്കൗണ്ടിൽ തട്ടിപ്പ് നടക്കുന്നു എന്ന് സംശയം തോന്നിയാൽ ഒരൊറ്റ ക്ലിക്കിലൂടെ എല്ലാ ഡിജിറ്റൽ സേവനങ്ങളും താൽക്കാലികമായി നിർത്തലാക്കാനുള്ള കിൽ സ്വിച്ച് സംവിധാനം ബാങ്കുകൾ ഒരുക്കണം.വൻതോതിൽ പണം എത്തുന്ന അക്കൗണ്ടുകളെ സൂക്ഷ്മമായി നിരീക്ഷിക്കും. ഇത്തരം അക്കൗണ്ടുകളിലെ പണം പിൻവലിക്കുന്നതിന് പരിധി നിശ്ചയിക്കാനും നിർദ്ദേശമുണ്ട്.

2021-നും 2025-നും ഇടയിൽ ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണത്തിൽ പത്തിരട്ടി വർദ്ധനവാണ് ഉണ്ടായതെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 23,000 കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്. ഫോൺ വിളികളിലൂടെയും വ്യാജ സന്ദേശങ്ങളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം കൈമാറാൻ പ്രേരിപ്പിക്കുന്ന സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പുകളെ പ്രതിരോധിക്കാനും ഈ സമയപരിധി സഹായിക്കും. ദൈനംദിന ആവശ്യങ്ങൾക്കായുള്ള ചെറിയ ഇടപാടുകളെയും കടകളിലെ പേയ്മെന്റുകളെയും ഇൻഷുറൻസ് പ്രീമിയം, ഇഎംഐ തുടങ്ങിയവയെയും ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ സാധാരണ ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ തുടരാം.പൊതുജനങ്ങൾക്ക് ഈ നിർദ്ദേശങ്ങളിൽ മെയ് 8 വരെ അഭിപ്രായം അറിയിക്കാം. ഇതിനുശേഷമായിരിക്കും ആർബിഐ അന്തിമ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക.
