Friday, April 10, 2026

കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി തുടരുന്നു; മാർച്ചിൽ 14,000 പുതിയ തൊഴിലവസരങ്ങൾ

ഓട്ടവ : മാർച്ചിൽ കാനഡയുടെ തൊഴിൽ വിപണിയിൽ നേരിയ മുന്നേറ്റമുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് . സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ ശരിവെച്ചുകൊണ്ട് മാർച്ചിൽ ഏകദേശം 14,000 പുതിയ തൊഴിലവസരങ്ങളാണ് വിപണിയിൽ സൃഷ്ടിക്കപ്പെട്ടത്. അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ 6.7 ശതമാനത്തിൽ തന്നെ തുടരുകയാണ്. പ്രായപരിധി, മുഴുവൻ സമയ-പാർട്ട് ടൈം ജോലികൾ, സ്വകാര്യ-പൊതു മേഖലകൾ എന്നിവയിലൊന്നും വലിയ മാറ്റങ്ങൾ ഇത്തവണ രേഖപ്പെടുത്തിയിട്ടില്ല. റിപ്പയർ, മെയിന്റനൻസ് ജോലികൾ ഉൾപ്പെടുന്ന സർവീസ് മേഖലയാണ് തൊഴിൽ വളർച്ചയ്ക്ക് പ്രധാനമായും കാരണമായത്. പ്രൊഫഷണൽ, സയന്റിഫിക്, സാങ്കേതിക സേവനങ്ങൾ, പ്രകൃതിവിഭവ വ്യവസായം, നിർമ്മാണ മേഖല എന്നിവയിലും തൊഴിൽ നേട്ടമുണ്ടായി.

എന്നാൽ ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ കഴിഞ്ഞ മാസം 11,000 തസ്തികകളുടെ കുറവുണ്ടായി. 2023 നവംബറിന് ശേഷം ഈ മേഖലയിലുണ്ടാകുന്ന ആദ്യത്തെ വലിയ ഇടിവാണിത്. ബ്രിട്ടിഷ് കൊളംബിയയിൽ കഴിഞ്ഞ മാസം 19,000 ജോലികൾ നഷ്ടപ്പെട്ടതോടെ അവിടുത്തെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ പ്രവിശ്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം രാജ്യത്തെ ശരാശരി മണിക്കൂർ വേതനത്തിൽ 4.7 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ അവസാന നാല് മാസങ്ങളിൽ ഉണ്ടായ വേഗത്തിലുള്ള തൊഴിൽ വളർച്ചയ്ക്ക് ശേഷം, ഈ വർഷത്തെ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഏകദേശം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് വിപണിയിലുണ്ടായ അസ്ഥിരതയ്ക്ക് മാർച്ചിലെ നേരിയ മുന്നേറ്റം അല്പം ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രാജ്യത്തെ മൊത്തം തൊഴിലവസരങ്ങളിൽ 87,000 വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 29-ന് ബാങ്ക് ഓഫ് കാനഡ തങ്ങളുടെ പലിശനിരക്ക് സംബന്ധിച്ച പുതിയ തീരുമാനമെടുക്കുന്നതിന് മുന്നോടിയായുള്ള അവസാന തൊഴിൽ വിപണി റിപ്പോർട്ടാണിത് എന്നത് ഈ കണക്കുകളെ ഏറെ നിർണ്ണായകമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!