ടൊറന്റോ: ടൊറന്റോ സബ്‌വേയിലെ രണ്ടാം നമ്പർ ലൈനിൽ (Line 2) ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ഹൈഡ്രോളിക് ഓയിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് യാത്രാ സൗകര്യം തടസ്സപ്പെട്ടു. സംഭവത്തിൽ യാത്രക്കാരോട് മാപ്പ് പറഞ്ഞ ടിടിസി സിഇഒ മന്ദീപ് ലാലി, അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്ന വർക്ക് കാറുകൾ അടിയന്തരമായി സർവീസിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടു. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് ലൈൻ 2-ൽ ഹൈഡ്രോളിക് ദ്രാവകം ചോർന്നത്. ഇതേത്തുടർന്ന് ഓസിംഗ്ടൺ, വുഡ്ബൈ ൻസ്റ്റേഷനുകൾക്കിടയിലുള്ള സർവീസ് പുലർച്ചെയുള്ള തിരക്കേറിയ സമയത്ത് ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച ഓൾഡ് മിൽ സ്റ്റേഷനിലും സമാനമായ രീതിയിൽ എണ്ണച്ചോർച്ച ഉണ്ടാവുകയും മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം നില യ്ക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന ഈ വീഴ്ചകൾ അംഗീകരി ക്കാനാവില്ലെന്ന് സിഇഒ മന്ദീപ് ലാലി പ്രസ്താവനയിൽ പറഞ്ഞു.

ടിടിസി സുരക്ഷിതവും വിശ്വസനീയവുമായ സേവനം നൽകേണ്ടതുണ്ടെന്നും ഈ ആഴ്ചയിൽ സർവീസുകളിൽ നിലവാരം പുലർത്താൻ കഴിയാത്തതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിലൊഴികെ, അറ്റ കുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന എല്ലാ വർക്ക് കാറുകളുടെയും പ്രവർത്തനം നിർത്തിവെച്ചു. പ്രശ്‌നം പരിഹരിക്കുന്നതിൻ്റെ ഭാഗമായി മുഴുവൻ വാഹനങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇവ വീണ്ടും ഉപയോഗിക്കൂ എന്നും ലാലി ഉറപ്പ് നൽകി. ചോർച്ചയുണ്ടായ ട്രാക്കുകൾ അടിയന്തരമായി വൃത്തിയാക്കിയ ശേഷം രാവിലെ 7:20-ഓടെ സർവീസ് പുനരാരംഭിച്ചു. യാത്രക്കാരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി അന്വേഷണ റിപ്പോർട്ട് സുതാര്യമായി പുറത്തുവിടുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും ടിടിസി അധികൃതർ ഉറപ്പുനൽകി.
