ഓട്ടവ: പൊള്ളലേൽക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് ബിസെൽ (Bissell) ബ്രാൻഡ് സ്റ്റീം ക്ലീനറുകൾ കാനഡയിൽ തിരിച്ചുവിളിച്ചു. സ്റ്റീം ക്ലീനറിലെ അനുബന്ധ ഭാഗങ്ങൾ അപ്രതീക്ഷിതമായി വേർപെടുകയും അതുവഴി തിളച്ച വെള്ളമോ ആവിയോ ഉപഭോക്താക്കളുടെ ശരീരത്തിലേക്ക് പതിക്കുകയും ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. 2024 ഒക്ടോബറിനും 2026 മാർച്ചിനും ഇടയിൽ വിറ്റഴിക്കപ്പെട്ട സ്റ്റീം ഷോട്ട് ഓമ്നി (മോഡൽ നമ്പർ 4171B/C/D/J), സ്റ്റീം ഷോട്ട് ഓമ്നിറീച്ച് (മോഡൽ നമ്പർ 4171H/X) എന്നിവയാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

2026 മാർച്ച് 19 വരെയുള്ള കണക്കുകൾ പ്രകാരം കാനഡയിൽ ഒരാൾക്കും അമേരിക്കയിൽ 160 പേർക്കും ഈ ഉപകരണം ഉപയോഗിച്ചതിലൂടെ പൊള്ളലേറ്റിട്ടുണ്ട്. കാനഡയിൽ ആകെ 95,788 യൂണിറ്റുകളും അമേരിക്കയിൽ 12 ലക്ഷത്തിലധികം യൂണിറ്റുകളുമാണ് ഈ കാലയളവിൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. സുരക്ഷാ ഭീഷണിയുള്ള ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അവ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.തിരിച്ചുവിളിച്ച മോഡലുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ അനുബന്ധ ഭാഗങ്ങൾ സൗജന്യമായി നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
