കാലിഫോർണിയ: നാല് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിച്ച നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയാക്കി പസഫിക് സമുദ്രത്തിൽ ഇറങ്ങി. ചന്ദ്രനെ വലംവെച്ച ശേഷം ഭൂമിയിലേക്ക് മടങ്ങിയ ഓറിയോൺ പേടകം കാലിഫോർണിയയിലെ സാൻ ഡിയാഗോ തീരത്താണ് സുരക്ഷിതമായി പതിച്ചത്. നാസയുടെയും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാറിന്റെയും സംയുക്ത സംഘം കടലിൽ നിന്ന് പേടകത്തെയും അതിലുണ്ടായിരുന്ന സഞ്ചാരികളെയും വീണ്ടെടുത്ത് കപ്പലിലേക്ക് മാറ്റി.

ഈ ദൗത്യത്തിലൂടെ മനുഷ്യൻ ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരേക്ക് യാത്ര ചെയ്തെന്ന റെക്കോർഡ് ആർട്ടെമിസ് II സംഘം സ്വന്തമാക്കി. മുൻപ് ആരും പോയിട്ടില്ലാത്ത അത്രയും ദൂരത്തേക്ക് സഞ്ചരിച്ച സംഘം, ചന്ദ്രന്റെ മറുവശം നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കാണുന്ന ആദ്യ മനുഷ്യരെന്ന ഖ്യാതിയും നേടി. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ അടുത്ത ദൗത്യങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയകരമായ തിരിച്ചുവരവ്.
