കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കമ്പനികളുടെ ‘നിശബ്ദ തന്ത്രം’. ഉല്‍പ്പന്നങ്ങളുടെ വില കൂട്ടുന്നതിന് പകരം അളവ് കുറയ്ക്കുന്ന ‘ഷ്രിങ്ക്ഫ്ലേഷന്‍’ (Shrinkflation) എന്ന പ്രതിഭാസമാണ് വിപണിയില്‍ ഇപ്പോള്‍ സജീവമാകുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിതരണ തടസ്സങ്ങളും ഗോതമ്പ്, പഞ്ചസാര, ഭക്ഷ്യഎണ്ണ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവുമാണ് കമ്പനികളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
പാക്കറ്റിന്റെ വില വര്‍ധിപ്പിച്ചാല്‍ ഉപഭോക്താക്കള്‍ മറ്റ് ബ്രാന്‍ഡുകളിലേക്ക് മാറാന്‍ സാധ്യതയുള്ളതിനാല്‍, വിലയില്‍ മാറ്റം വരുത്താതെ തൂക്കം അല്പം കുറയ്ക്കുക എന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. ഉദാഹരണത്തിന്, വര്‍ഷങ്ങളായി അഞ്ച് രൂപയ്ക്കും പത്ത് രൂപയ്ക്കും ലഭിക്കുന്ന ബിസ്ക്കറ്റ് പാക്കറ്റുകളുടെയും ഇന്‍സ്റ്റന്റ് നൂഡില്‍സിന്റെയും തൂക്കത്തില്‍ കാലക്രമേണ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഷാംപൂ, പാന്‍മസാല, ഡയറി ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇത്തരത്തില്‍ ചെറിയ പാക്കുകളിലേക്ക് മാറിത്തുടങ്ങി.

ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ അളവിനേക്കാള്‍ കൂടുതല്‍ വിലയിലെ മാറ്റത്തിനാണ് മുന്‍ഗണന നല്‍കുന്നത് എന്ന കണ്ടെത്തലാണ് കമ്പനികള്‍ക്ക് തുണയാകുന്നത്. ഉപഭോക്താവ് മുടക്കുന്ന രൂപയ്ക്ക് ലഭിക്കുന്ന ഉല്‍പ്പന്നത്തിന്റെ അളവ് കുറയുന്നതോടെ യഥാര്‍ത്ഥത്തില്‍ ഇവിടെ വിലക്കയറ്റം സംഭവിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വില മാറാത്തതിനാല്‍ സാധാരണക്കാര്‍ ഇത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. നിര്‍മ്മാണ ചെലവ് വര്‍ധിക്കുമ്പോഴും തങ്ങളുടെ ലാഭവിഹിതം കുറയാതെ നോക്കാന്‍ ഈ തന്ത്രത്തിലൂടെ കമ്പനികള്‍ക്ക് സാധിക്കുന്നു.
