വിന്നിപെഗ്: മാനിറ്റോബയിൽ ഉണ്ടായേക്കാവുന്ന വലിയ വെള്ളപ്പൊക്ക ഭീഷണി നേരിടാൻ പെഗസ് ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിക്ക് ഫെഡറൽ സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചു. പ്രദേശത്ത് കനേഡിയൻ സായുധസേനയുടെ സേവനം ലഭ്യമാക്കണമെന്ന പ്രവിശ്യാ സർക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും ആവശ്യം പരിഗണിച്ചാണ് നടപടി. വിനിപെഗിന് വടക്ക് ഫിഷർ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയിലാണ്.

ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് മന്ത്രി എലീനർ ഒൽഷെവ്‌സ്കി ഇതുസംബന്ധിച്ച ഔദ്യോഗിക അനുമതി നൽകി. സ്ഥിതിഗതികൾ നേരിടാൻ പ്രവിശ്യാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി. പെഗസ് ഉൾപ്പെടുന്ന ഇന്റർലേക്ക് മേഖലയിൽ ഏപ്രിൽ 19-ഓടെ വെള്ളപ്പൊക്കം ശക്തമാകുമെന്നാണ് പ്രവചനം. 2022-ലുണ്ടായ സമാനമായ പ്രളയസാഹചര്യം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. അന്ന് ആയിരക്കണക്കിന് ആളുകൾക്ക് വീട് വിട്ടു മാറേണ്ടി വരികയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
വെള്ളപ്പൊക്കം തടയുന്നതിനായി ഐസ് പൊളിച്ചുനീക്കലും മണൽചാക്കുകൾ നിരത്തലും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി പെഗസിന് 10 ലക്ഷം ഡോളർ അനുവദിച്ചതായി ഗതാഗത മന്ത്രി ലിസ നെയ്ലർ അറിയിച്ചു. സൈനിക ഉദ്യോഗസ്ഥരും ‘ടീം റൂബികോൺ’ എന്ന സംഘടനയിലെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കും. വർഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ സ്ഥിരമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ചീഫ് സ്റ്റാൻ ബേഡ് അറിയിച്ചു.
